ഗുജറാത്ത് മോഡൽ എന്ന് പുറംലോകം ഫ്ളക്സിൽ കാണുന്ന,മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന സമ്പന്ന ജീവിതത്തിൽ നിന്ന് വ്യത്യസ്ഥരായുള്ള ഭൂരിഭാഗം വരുന്ന സാധാരണ മനുഷ്യരുടെയും ജീവിതം കന്നുകാലികളുമായി ബന്ധപ്പെട്ടിരിക്കുന്നു. വരൾച്ചകൊണ്ടും മറ്റും കാര്യമായി സജീവമാകാത്ത ക്യഷിയിടങ്ങൾക്കു മുൻപിൽ പകച്ചു നിൽക്കുന്ന ഈ കർഷകർക്ക് ആശ്വാസമായെത്തുന്നത് കന്നുകാലികൾ എന്ന സ്ഥിര വരുമാനമാണ്. ഒറ്റമുറി വീട്ടിൽ വീടിന്റെ വലിയ തൂണോടുചേർന്ന് പശുവിനെയും കെട്ടുന്ന ഇക്കൂട്ടരുടെ ജീവിത നിലവാരം യഥാർത്ഥത്തിൽ ഗോമാതാവ് ചുരത്തുന്ന പാലിന്റെ മാറിവരുന്ന അളവിനൊത്ത് മാറിമറിയുന്നു. വൈകാരികമായിട്ടേ ഇക്കൂട്ടർക്ക് കന്നുകാലികളെ സമീപിക്കാനാകൂ എന്നതിന് തർക്കമൊന്നുമില്ല! ജീവിതമാർഗ്ഗത്തെ കശാപ്പുചെയ്യാൻ ആരു തയ്യാറാകും? ഗോവധ നിരോധനം ഗുജറാത്തിൽ അത്തരത്തിൽ പ്രസക്തമാകുന്നു. എന്നാൽ ഗോവധ നിരോധനം നടപ്പിലാക്കിയതിനു പിന്നിൽ സഹജീവികളോടുള്ള ആത്മാർത്ഥമായ സഹാനുഭൂതിയും സ്നേഹവും അല്ലെന്നും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും പിന്നീടുകണ്ട ദ്യശ്യങ്ങൾ പടിപ്പിച്ചു. കറവവറ്റിയ ആരോഗ്യമില്ലാത്ത പശുക്കൾ നിരത്തിലൂടെ വിഹരിക്കുന്നു.ചിലവേറിയ...