സീസറുടെ മരണശേഷം മാർക്ക് ആന്റണി നടത്തിയ പ്രസംഗം മാസ് സൈക്കോളജിയെ അതിസമർത്ഥമായി ഉപയോഗിക്കാൻ മികച്ച പ്രാസംഗികന് എങ്ങനെ കഴിയും എന്നതിന് ഉത്തമ ഉദാഹരണമാണ്. യുദ്ധത്തിൽ താൽപര്യമില്ലാത്ത / തകർന്നിരിക്കുന്ന ജനങ്ങളെ തന്റെ വാക് ചാതുര്യത്തിൽ മോട്ടിവേറ്റ് ചെയ്യുന്ന നായകൻ ചരിത്ര സിനിമകളിൽ പലപ്പോഴും ആവേശം ഉണ്ടാക്കാറുണ്ട്. വലിയ സമൂഹം ആളുകളുടെ ഉള്ളിലെ തീ ആളി കത്തിക്കാൻ നായകന്റെ നല്ലയൊരു പ്രസംഗം മതിയാകും. "വീരന്മാരെ എന്താണ് മരണം" എന്നു തുടങ്ങുന്ന ബാഹുബലിയിലെ പ്രസംഗം ഒരു ധീരനായകന് സ്വന്തം ജനതയെ തന്റെ വാക്കുകൾകൊണ്ട് എങ്ങനെ ഇൻസ്പെയർ ചെയ്യാം എന്നതിന് മികച്ച ഉദാഹരണം ആണ്. ദേശസ്നേഹം ജ്വലിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രസംഗം തീയേറ്ററിൽ കണ്ടുകൊണ്ടിരിക്കുന്നവരുടെ ഉള്ളിലും ആവേശം ഉണർത്തുന്നതാണ്. ഉറുമിയിയിലെ കേളു നായനാർ ആദിവാസി ജനങ്ങളെ പോർച്ചുഗീസുകാർക്കെതിരായി സംഘടിപ്പിക്കാൻ "നിന്റെ വിള നശിപ്പിക്കാൻ വരുന്ന പന്നികൾ ആണ് പറങ്കികൾ എന്നാണ് പറയുന്നത്". കൃഷിയെ വളരെയധികം സ്നേഹിക്കുന്ന ആദിവാസി ജനതയ്ക്ക് ഏറ്റവും കൂടുതൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന, അവർ ഏറ്റവും കൂടുതൽ വെറുക്കുന്ന ശത്രുവാണ് കാട്ടുപന്നികൾ. ...