ഇരുട്ട് അതിശക്തമായ് പെയ്തുകൊണ്ടിരുന്നു..തോരാൻ ഇനിയും നാഴിക ഏറേയുണ്ട്. അയാൾ അതിവേഗം മുന്നോട്ട് നടന്നു. വൈകിട്ട് കുടിച്ച റാക്കിന്റെ കെട്ടിറങ്ങിയതിനാലാവണം ഇരുട്ടിൽ കേട്ട ചില ശബ്ദങ്ങൾക്ക് അയാളിൽ അൽപമെങ്കിലും ഭയമുണ്ടാക്കാനായത്. ചന്ദ്രന് തിളങ്ങാനായ് സ്വയം കറുത്തിരുളുന്ന ഇരുട്ടിനോട് അയാൾക്ക് കടുത്ത ആരാധനയായിരുന്നു. ഇരുട്ടുള്ള ചില കറുകറുത്ത രാത്രികളിൽ വീടിനുവെളിയിലിറങ്ങി "ഹേ ത്യാഗി" എന്ന് അഭിസംബോധന ചെയ്ത് അവർ സംഭാഷണത്തിലേർപ്പെട്ടുപോന്നു. എന്നാൽ ഇന്നയാൾ നേരിട്ടുകൊണ്ടിരിക്കുന്നത് തിർത്തും അപരിചിതനായ മറ്റൊരിരുട്ടിനെ ആണ്. അത് ഭയപ്പെടുത്തുന്നതായിരുന്നു... പലപ്പോഴായ് പലയിടങ്ങളിൽ നിന്ന് ശേഖരിച്ച് ഉണക്കിയെടുത്ത കുരുമുളക് വിൽക്കാനായ് പുറപ്പെട്ടതാണ്.സന്ധ്യയാകും മുൻപ് കാട് കടക്കണമെന്നറിഞ്ഞിട്ടും അയാൾ പൊറ്റിക്കെട്ടിയിൽ തന്നെ തങ്ങി. ഈ സമയത്തിനി കാടുകടക്കണ്ട കുഞ്ഞാപ്പു ആവുന്നത്ര പറഞ്ഞു നോക്കി. ചെവികൊടുക്കാതെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ അയാൾ മുന്നോട്ട് കുതിച്ചു. അരക്കുപ്പി റാക്കിന്റെ പുറത്ത് അയാൾ ധീരനാണ് ശക്തനാണ് കവിയാണ് കലാകാരനാണ്. അയാൾ ബീഡി കത്തിച്ചു.ചുറ്റുമുള്ള ഇരുട്ടിനെ ചെറുതായ് കീറി ...