മറ്റുള്ളവരുടെ ജീവിതത്തെ ഇടുങ്ങിയ സൗന്ദര്യ സങ്കൽപ്പങ്ങളുടെ അളവുകോലിൽ അളന്ന് ക്രൂര തമാശകൾ ഉണ്ടാക്കി/ പ്രചരിപ്പിച്ച്/ആഘോഷിച്ച് ആനന്ദം കണ്ടെത്തുന്ന സമൂഹത്തിന്റെ സമൂഹമാധ്യമങ്ങളുടെ രോഗാതുരമായ മാനസികാവസ്ഥകളെ താക്കീത് ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ അപകർഷത ബോധങ്ങളെ പൊളിച്ചെഴുതാനുള്ള ശ്രമം കൂടിയാണ് അഷ്റഫ് ഹംസയുടെ "തമാശ." സമൂഹം കൽപ്പിക്കുന്ന സൗന്ദര്യ നിർമ്മിതികളുടെ വിഗ്ഗ് തലയിൽ വച്ച് സ്വയം അപഹാസ്യനാകേണ്ടി വരുന്ന അധ്യാപകൻ ശ്രീനിയും അവനവനായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിന്നുവും സൗന്ദര്യം വിട്ടുവീഴ്ചകളുടേതു കൂടിയാണെന്ന് പതിയെ പറയുന്ന റഹീമും ഭാര്യ അമീറയും ഓരോ നിമിഷവും അത്ഭുതമാകുന്നു. സിനിമ കണ്ടു തുടങ്ങിയപ്പോൾ ഏറ്റവും അരോചകമായ് തോന്നിയത് തിയ്യറ്ററിന്റെ ഒരു ഭാഗത്ത് നിന്ന് തുടക്കം മുതൽ കാര്യമായ് തമാശയൊന്നും ഇല്ലാതിരുന്നപ്പോഴും വല്യവായിൽ മുഴങ്ങിക്കേട്ട പൊട്ടിച്ചിരികളായിരുന്നു.പതിയെ ശ്രീനി സാർ എല്ലാവരിലും ചിരി പടർത്തിത്തുടങ്ങി. അയാൾ കണ്ണാടി നോക്കി മുടിയൊതുക്കുമ്പോൾ അതിൽ ഒരു സമൂഹം മുഴുവൻ പ്രതിഫലിച്ചു കണ്ടു. അയാളുടെ ആത്മവിശ്വാസം മുഴുവനായും മുടിയോട് ചേർന്നാണ്, അങ്ങനെയായിരിക്...