മറ്റുള്ളവരുടെ ജീവിതത്തെ ഇടുങ്ങിയ സൗന്ദര്യ സങ്കൽപ്പങ്ങളുടെ അളവുകോലിൽ അളന്ന് ക്രൂര തമാശകൾ ഉണ്ടാക്കി/ പ്രചരിപ്പിച്ച്/ആഘോഷിച്ച് ആനന്ദം കണ്ടെത്തുന്ന സമൂഹത്തിന്റെ സമൂഹമാധ്യമങ്ങളുടെ രോഗാതുരമായ മാനസികാവസ്ഥകളെ താക്കീത് ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ അപകർഷത ബോധങ്ങളെ പൊളിച്ചെഴുതാനുള്ള ശ്രമം കൂടിയാണ് അഷ്റഫ് ഹംസയുടെ "തമാശ."
സമൂഹം കൽപ്പിക്കുന്ന സൗന്ദര്യ നിർമ്മിതികളുടെ വിഗ്ഗ് തലയിൽ വച്ച് സ്വയം അപഹാസ്യനാകേണ്ടി വരുന്ന അധ്യാപകൻ ശ്രീനിയും അവനവനായിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ചിന്നുവും
സൗന്ദര്യം വിട്ടുവീഴ്ചകളുടേതു കൂടിയാണെന്ന് പതിയെ പറയുന്ന റഹീമും ഭാര്യ അമീറയും ഓരോ നിമിഷവും അത്ഭുതമാകുന്നു.
സിനിമ കണ്ടു തുടങ്ങിയപ്പോൾ ഏറ്റവും അരോചകമായ് തോന്നിയത് തിയ്യറ്ററിന്റെ ഒരു ഭാഗത്ത് നിന്ന് തുടക്കം മുതൽ കാര്യമായ് തമാശയൊന്നും ഇല്ലാതിരുന്നപ്പോഴും വല്യവായിൽ മുഴങ്ങിക്കേട്ട പൊട്ടിച്ചിരികളായിരുന്നു.പതിയെ ശ്രീനി സാർ എല്ലാവരിലും ചിരി പടർത്തിത്തുടങ്ങി. അയാൾ കണ്ണാടി നോക്കി മുടിയൊതുക്കുമ്പോൾ അതിൽ ഒരു സമൂഹം മുഴുവൻ പ്രതിഫലിച്ചു കണ്ടു. അയാളുടെ ആത്മവിശ്വാസം മുഴുവനായും മുടിയോട് ചേർന്നാണ്, അങ്ങനെയായിരിക്കാൻ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ് അയാൾ. എനിക്ക് ബാഹ്യ സൗന്ദര്യത്തിലൊന്നും വിശ്വാസമില്ലെന്ന ടീച്ചറുടെ വാക്കുകൾ അയാൾക്ക് കൊടുക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
ശ്രീനി സാറിന്റെ പോലെ തലയിൽ തുച്ഛമായ മുടി മാത്രമുള്ള ചെറുപ്പക്കാരനെ നടുക്കിരുത്തി സിനിമ കാണുന്ന കൂട്ടുകാരുടെ ആഘോഷമായിരുന്നു ആദ്യം ഉയർന്നു കേട്ട ചിരിയെന്ന് ഇൻറർവലിനാണ് മനസ്സിലായത്. വിനയ് ഫോർട്ടിന്റെ ശ്രീനി മാഷിന്റെ ഓരോ ചേഷ്ടാവിശേഷങ്ങളിലും കൂട്ടുകാരനെ കണ്ടെത്തി പൊട്ടിച്ചിരിക്കുകയാണവർ. ബോഡി ഷെയിമിങ് തമാശകളിൽ നമ്മുടെ സിനിമകളും സമൂഹവും കണ്ടെത്തുന്ന ആനന്ദം എത്രത്തോളം വലുതാണെന്നതിന്റെ ഉദാഹരണങ്ങൾ
വെട്ടി വിയർത്ത് തലയിൽ കാര്യമായ് മുടിയൊന്നുമില്ലാതെ മുന്നിലെ വലിയ സ്ക്രീനിലും മുന്ന് നാല് സീറ്റുകൾക്കപ്പുറവും കാണാം.
പരസ്യങ്ങളിലെ, സിനിമകളിലെ, സീരിയലുകളിലെ സന്തൂർ മമ്മിമാരും/ഫെയർ ആൻഡ് ഹാൻസം മോഡലുകളും തടി, താടി, ഉയരം,നിറം,മുടി നോക്കി താരതമ്യം ചെയ്യാൻ ഓരോരുത്തരേയും നിർബന്ധിതരാക്കി കൊണ്ട് സ്വീകരണമുറിയിൽ തുടരെത്തുടരെ വന്നു പോകുമ്പോൾ നമ്മുടെ സൗന്ദര്യ നിർവചനങ്ങൾക്ക് വിശാലമായ പരിസരങ്ങൾ കണ്ടെത്തണമെന്ന നിരന്തര ഓർമ്മപ്പെടുത്തലാകുകയാണ് സിനിമ.
ചിന്നു സൗന്ദര്യ സങ്കൽപ്പങ്ങളെ, അപകർഷതാബോധങ്ങളെ സമൂഹമാധ്യമങ്ങൾ, മാധ്യമങ്ങൾ ഉണ്ടാക്കിയെടുക്കുന്ന സൈബർ ആൾക്കൂട്ട അതിക്ഷേപ, അക്രമണ സംസ്കാരത്തിന്റെ
രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നു.
സി അയ്യപ്പന്റെ കവിത:
"രാത്രികളുടെ രാത്രിയിൽ
ഇരുട്ടിന്റെ ശവക്കുഴിയിൽ
അതിരവലം പോലെ ഞാൻ വീർത്തെഴുന്നേൽക്കുന്നത്
നിങ്ങളുടെയൊന്നും വാചകമടി
കേൾക്കാനല്ല "
ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് മുൻപിൽ ശ്രീനി മാഷ് അവതരിപ്പിക്കുമ്പോൾ അത് പൊതുസൗന്ദര്യബോധങ്ങളിൽ നിന്നുള്ള അയാളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നു.
സംഗീതവും പശ്ചാത്തല സംഗീതവും മനോഹര ഫ്രയിമുകളും നന്മ നിറഞ്ഞ ഒരുപിടി കഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും തമാശയെ സമ്പന്നമാക്കുന്നു. താനായിരിക്കാൻ ആഗ്രഹിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമീപകാല ചിത്രങ്ങളിൽ - ഉയരെ, ഉണ്ട- കണ്ടത്തൊൻ കഴിയുന്നത് സിനിമകളിലെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
സിനിമ പൂർത്തിയാകുമ്പോൾ
പുഞ്ചിരിച്ചു കൊണ്ട് എല്ലാവരും തിയ്യറ്റർ വിടുന്ന കാഴ്ചയ്ക്കിടയിൽ ശ്രദ്ധിച്ചത് മുടി തീരെയില്ലാത്ത തലയിൽ പതിയെ ഒരു തൊപ്പിയെടുത്ത് വെച്ച് കടന്ന് പോകുന്ന ആദ്യം പറഞ്ഞ ചെറുപ്പക്കാരനെയും അയാളേ നോക്കി അത്യാഹ്ളാദത്തോടെ നീങ്ങുന്ന സുഹൃത്തുക്കളേയുമാണ്.
"തമാശ" അവസാനിക്കുമ്പോഴും നിത്യജീവിതത്തിൽ ചില നേരംപോക്കുകൾ അവസാനിക്കുന്നേയില്ല. നിരുപദ്രവമെന്ന് തോന്നിക്കുന്ന കളിയാക്കലുകളിൽ അപരവിദ്വേഷത്തിന്റെ കണികകൾ കണ്ടെത്താനാകാത്തത് ആരുടെ തെറ്റാണ്?
എന്തൊക്കെ പറഞ്ഞാലും ചില തമാശകളെന്നും അത്ര നല്ല തമാശകളല്ലല്ലോ.

Comments
Post a Comment