മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവും വിവിധ ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് "നമ്മെ വിഴുങ്ങുന്ന മൗനം."
ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി
പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം.
ചടുലവുമായ
ചോദ്യശരങ്ങളിലൂടെയും (#justasking) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശേഷാൽ യുവാക്കളിലും കർഷകരിലും അധികാരി വർഗ്ഗത്തിലും ദേശീയതയുടെ മൊത്തക്കച്ചവടക്കാരായ ഭരണവർഗ്ഗത്തിലും കാര്യമായ ചലനങ്ങളുണ്ടാക്കാൻ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഈ അഭിനേതാവിന് കഴിഞ്ഞു.
സമകാലിക രാഷ്ട്രീയത്തെയും അത് പങ്കുവയ്ക്കുന്ന വിനാശകരമായ വെറുപ്പിനെയും തൊലിയുരിച്ചു കാണിക്കലല്ല "നമ്മെ വിഴുങ്ങുന്ന മൗനം."
അത് നന്മയുടെ സഹിഷ്ണുതയുടെ അനുഭവങ്ങളുടെ പ്രഘോഷണമാണ്.
കടന്നു പോയ ജീവിതത്തെ കൂട്ടുകാരോടൊപ്പമിരുന്ന് പറഞ്ഞ് കാറ്റിലൊഴുക്കിക്കളയാതെ ചേർത്തു വയ്ക്കാനുള്ള ശ്രമമാണ്.
പുസ്തകം എന്തുതന്നെ പറഞ്ഞാലും
വാക്കുകൾക്ക് 'വെറും വാക്കുകളാകാൻ' കഴിയാത്ത കാലത്ത് പിരിച്ചെടുക്കാൻ കൃത്യമായ് രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും അത് വേർതിരിച്ചെടുക്കാൻ മതിയാവോളം അവസരം നൽകുന്നുമുണ്ട്. വരുന്ന ലോക്സഭ ഇലക്ഷനിൽ ബാംഗ്ഗൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായ് പ്രകാശ് രാജ് മത്സരിക്കുന്നു എന്ന് കൂടിയാകുമ്പോൾ പുസ്തകം നിരന്തരം വിചാരണ ചെയ്യപ്പെടുമെന്നുറപ്പാണ്.
തിരക്കേറിയ സിനിമ ജീവിതത്തിൽ സെറ്റിൽ നിന്നും സെറ്റിലേക്ക് ചായങ്ങളഴിച്ചുമുടുത്തും കടന്നു പോകുമ്പോഴും മനസ്സിൽ ഉടക്കി നിൽക്കുന്ന "ഭൂതകാല നേരിനെ " ഓർത്തെടുക്കലാണ് ഓരോ കുറിപ്പുകളും.
യാദൃശ്ചികമല്ലാതെ തന്നെയാകണം ലങ്കേഷിൽ നിന്നും ആദ്യ ലേഖനം ആരംഭിക്കുന്നത്. ഗ്രാമത്തിന്റെ നന്മകളായ കിണറുകൾ പായലുകൾ മൂടുന്നു അവ കുഴൽക്കിണറുകൾക്ക് വഴിമാറിക്കൊടുത്തുന്നതും ഗ്രാമത്തെ വിട്ട് നഗരം തേടി യുവാക്കളിറങ്ങി ഗ്രാമം വൃദ്ധാശ്രമങ്ങളായതും ഒരു ചരടിൽ കോർത്ത് പറഞ്ഞു തുടങ്ങുന്നു.
കർഷകരെ ആണ്ടിലൊരിക്കൽ വോട്ട് ചെയ്യാൻ മാത്രമായ് ജീവിച്ചിരിക്കുന്നവരായ് കാണുന്ന അധികാര വർഗ്ഗത്തേയും സ്വന്തം പിതാവ് കർഷകനാണെന്ന് നെഞ്ചിൽ കൈവച്ച് പറയാൻ മടിക്കുന്ന യുവതയേയും ഒരു പോലെ പ്രതിക്കൂട്ടിൽ നിർത്തുന്നു പുസ്തകം. "വരൾച്ചയും ക്ഷാമവും രാഷ്ട്രീയത്തിന് കർഷകരെ എത്തിച്ച് കൊടുക്കുന്ന സപ്ലയർ ആകുന്നു" എന്ന ആക്ഷേപം കലാ കലങ്ങളായ് മാറി വരുന്ന ഗവർണെമെന്റുകൾ നടത്തുന്ന കർഷക വിരുദ്ധ നയങ്ങൾക്കു നേരേയും കാർഷിക പ്രക്ഷോപങ്ങൾ എന്ന പേരിൽ നടത്തുന്ന പ്രഹസനങ്ങൾക്കും മേൽ ചെന്നു തറയ്ക്കുന്നു.
പണവും പ്രശസ്തിയും തേടിയുള്ള മനുഷ്യന്റ ഓട്ടത്തെ പ്രശസ്തിയുടെ ഗോപുരത്തിൽ ഇരുന്ന് കാണുമ്പോഴും ആ ഉയരത്തെ അനേകമാളുകൾ ചുമലുകൾ നൽകിയതാണെന്നന്ന് തുറന്നു പറച്ചിലുകളാകുകയാണ് ഓരോ എഴുത്തും.
പ്രകൃതി, കുടുംബ ജീവിതം ഇവയെ മാറ്റി നിർത്തി പുസ്തകത്തെ വായിക്കുക തന്നെ അസാദ്യമാണ്. അമ്മയിലൂടെ, മകളിലൂടെ തലമുറകളുമായ് സംവദിച്ചുകൊണ്ടിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
കാണ്മാനില്ലാത്തവർ.. നമ്മുടെ കൺമുന്നിൽ തന്നെയുണ്ട് എന്ന ലേഖനത്തിൽ തിരക്കുകൾക്കിടയിൽ നാം കാണാതാക്കുന്ന ബാല്യങ്ങളെ കണ്ടെടുക്കാൻ വലിയ അവസരമൊരുക്കി തരുന്നു.
വിജയമെന്നത് അരമന പോലെ തന്നെ. അവിടെ സുരക്ഷിതമായ് കഴിയാം. പക്ഷേ ഒന്നും പിഠിക്കാനില്ല എന്നു പറഞ്ഞു കൊണ്ട് ജീവിതത്തിൽ സംഭവിച്ച വലിയ പരാജയങ്ങൾ എന്ന് മറ്റുള്ളവർ കണ്ടെത്തിയവയെ നിസ്സാരമാക്കിക്കളയുന്നു.
സിനിമയും കുട്ടിക്കാലവും യൗവ്വനവും പ്രണയവും നിറച്ച
അനുഭവക്കെട്ടുകൾ തരുന്ന കരുത്തും ശോഭയും തന്നെയാകണം ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ഇരുണ്ട കാലത്ത് പാട്ടുണ്ടോ?
ഉണ്ട്, അത് ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകളായിരിക്കും എന്ന ബ്രഹ്തിന്റെ വാക്കുകൾ പോലെ കെട്ട കാലത്തിൽ വലിയ പ്രകാശം കണ്ടെത്താൻ ഈ പുസ്തകം സഹായിക്കും. തീർച്ചയാണ്.


Comments
Post a Comment