Skip to main content

കലയുടെ തുറന്ന ജാലകം


പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു.

വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് വരുമ്പോൾ ജനാധിപത്യത്തിനും മതേതരത്വത്തിനും കാര്യമായ തകരാറുകൾ സംഭവിക്കുമ്പോൾ ജനകീയ മുന്നേറ്റങ്ങളേയും  ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളേയും ബലവും പണവും ഉപയോഗിച്ച് അടിച്ചമർത്തുമ്പോൾ,  ഫാസിസം എന്ന് പണ്ട് പുസ്തകത്തിൽ വായിച്ചത് വാതിലിൽ വന്നു മുട്ടുകയും ജനലിലൂടെ കമ്പിട്ട് കുത്തി ഉറക്കം കെടുത്തുകയും ചെയ്യുമ്പോൾ കലയുടെ പ്രസക്തി വർദ്ധിക്കുന്നു.

രാജ്യം ഇന്ന് ഓർക്കാതിരിക്കുന്ന ഫാസിസത്തിന്റെ ആലോഷിക്കപ്പെട്ട ഇരകൾ ഗൗരി ലങ്കേഷും, നരേന്ദ്ര ദാബോൽക്കറും ഗോവിന്ദ് പൻസ്സാരെയും പ്രഫ.എം എം കൽബുർഗിയുമെല്ലാം ഇരുട്ടിന്റെ തടവറിയിലെ പ്രകാശ ജാലകങ്ങൾ ആണ്. എന്തുകൊണ്ട് എഴുത്തുകാർ, കലാകാരൻമാർ ആക്രമിക്കപ്പെടുന്നു എന്നു ചോദിച്ചാൽ അവർ സത്യം ഭയമേതുമില്ലാതെ തുറന്നു പറയുന്നുവെന്ന തെറ്റ് ആവർത്തിക്കുന്നവരാണെന്നതാണ് ഒരേയൊരുത്തരം.

ചിലിയിലെ പ്രശസ്ത എഴുത്തുകാരൻ പാബ്ളോ നെരൂദയുടെ വിശ്വപ്രസിദ്ധമായ വരികൾ എഴുത്തുകാരന്റെ ധർമത്തെ എടുത്തു പറയുന്നു. എന്ത് കൊണ്ട് നിങ്ങളുടെ കവിത ഇലകളെയും കിനാക്കളെയും ജന്മനാട്ടിലെ കൂറ്റൻ അഗ്നിപർവ്വതങ്ങളെയും കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യത്തിന്റെ മറുപടിയായ്  "വരൂ ..  ഈ തെരുവിലെ രക്തം കാണൂ .." ( come and see the blood in the Street) എന്നല്ലാതെ മറ്റെന്ത് പറയാനാകും കലാകാരന്.
രാജ്യം രക്തത്തിൽ കുളിക്കുമ്പോൾ തെരുവുകൾ രക്തം വാർന്ന് മരിക്കാനൊരുങ്ങുമ്പോൾ കവിയ്ക്ക് ഇലകളേ കിനാക്കളെ അവധിയ്ക്ക് വച്ച് തെരുവിന്റെ നോവെഴുതിയേ മതിയാകൂ.

കേരളത്തിൽ ദിനംപ്രതി വർദ്ധിച്ച് വരുന്ന കസ്റ്റടി കൊലപാതകങ്ങളേക്കാളും ദുരഭിമാനകൊലപാതകങ്ങളേക്കാളും പേടിപ്പിക്കുന്നത് സാംസ്കാരിക നായകൻമാരുടെ ഇത്തരം സാഹചര്യങ്ങളിലെ മൗനമാണ്. പ്രബുദ്ധരായ എഴുത്തുകാരും ബുദ്ധിജീവികളും എവിടെ എന്ന് അന്വേഷിക്കേണ്ടതുണ്ട് അവരുടെ പ്രതികരണങ്ങൾക്ക് വലിയ ശക്തിയുള്ളത് കൊണ്ടു തന്നെ കവലകൾ അവരുടെ മൈക്കിനെ ശ്രദ്ധാപൂർവ്വം കേൾക്കേണ്ടതുണ്ട്. പത്രത്തിന്റെ പേജുകളിൽ അവർ തമ്മിൽ കലഹിക്കേണ്ടതുണ്ട്. ചീഞ്ഞ് നാറില്ലെന്ന് അവർക്കുറപ്പുള്ള ചാനൽ ചർച്ചകളിൽ അവർ വായ തുറന്നു തന്നെയാകണം.

നിങ്ങൾ പ്രതികരിക്കേണ്ട വിഷയം ഇന്നതാണ്, മെക്കിട്ട് കേറേണ്ട ആളുകൾ ഇവർ എന്ന ലിസ്റ്റ് മതമോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നൽകുമ്പോൾ അതവർ മേടിച്ച് കക്ഷത്തിൽ വച്ചാൽ അവരുടെ ജാലകം വെളിച്ചം നൽകാൻ മാത്രം കഴിയുന്ന ഇരുമ്പ് കമ്പിയിട്ടതാകുന്നു. ഒരിക്കലും  തടവറ തുരക്കാനും  ജീവൻ രക്ഷിക്കാനും അതിന് സാധിക്കില്ല, തീർച്ച. കലാകാരൻ ഇടതുപക്ഷമോ വലതു പക്ഷമോ അല്ല മറിച്ച് അയാൾ എക്കാലവും സജീവമായിരിയ്ക്കുന്ന പ്രതിപക്ഷം ആയിരിയ്ക്കണമെന്ന നിരീക്ഷണം ശ്രദ്ധേയമാണ്.
അങ്ങനെ ആയിരുന്നാൽ മാത്രമേ അയാളുടെ കയ്യിലെ ബ്രഷ് സ്വാതന്ത്രത്തിലേക്കുള്ള ജാലകവും ആകാശവും വരയ്ക്കാൻ കൈ ഉയർത്തൂ..
  

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...