ഇരുട്ട് അതിശക്തമായ് പെയ്തുകൊണ്ടിരുന്നു..തോരാൻ ഇനിയും നാഴിക ഏറേയുണ്ട്. അയാൾ അതിവേഗം മുന്നോട്ട് നടന്നു. വൈകിട്ട് കുടിച്ച റാക്കിന്റെ കെട്ടിറങ്ങിയതിനാലാവണം ഇരുട്ടിൽ കേട്ട ചില ശബ്ദങ്ങൾക്ക് അയാളിൽ അൽപമെങ്കിലും
ഭയമുണ്ടാക്കാനായത്.
ചന്ദ്രന് തിളങ്ങാനായ് സ്വയം കറുത്തിരുളുന്ന ഇരുട്ടിനോട് അയാൾക്ക് കടുത്ത ആരാധനയായിരുന്നു. ഇരുട്ടുള്ള ചില കറുകറുത്ത രാത്രികളിൽ വീടിനുവെളിയിലിറങ്ങി "ഹേ ത്യാഗി" എന്ന് അഭിസംബോധന ചെയ്ത് അവർ സംഭാഷണത്തിലേർപ്പെട്ടുപോന്നു.
എന്നാൽ ഇന്നയാൾ നേരിട്ടുകൊണ്ടിരിക്കുന്നത് തിർത്തും അപരിചിതനായ മറ്റൊരിരുട്ടിനെ ആണ്. അത് ഭയപ്പെടുത്തുന്നതായിരുന്നു...
പലപ്പോഴായ് പലയിടങ്ങളിൽ നിന്ന് ശേഖരിച്ച് ഉണക്കിയെടുത്ത കുരുമുളക് വിൽക്കാനായ് പുറപ്പെട്ടതാണ്.സന്ധ്യയാകും മുൻപ് കാട് കടക്കണമെന്നറിഞ്ഞിട്ടും അയാൾ പൊറ്റിക്കെട്ടിയിൽ തന്നെ തങ്ങി. ഈ സമയത്തിനി കാടുകടക്കണ്ട കുഞ്ഞാപ്പു ആവുന്നത്ര പറഞ്ഞു നോക്കി. ചെവികൊടുക്കാതെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ അയാൾ മുന്നോട്ട് കുതിച്ചു. അരക്കുപ്പി റാക്കിന്റെ പുറത്ത് അയാൾ ധീരനാണ് ശക്തനാണ് കവിയാണ് കലാകാരനാണ്.
അയാൾ ബീഡി കത്തിച്ചു.ചുറ്റുമുള്ള ഇരുട്ടിനെ ചെറുതായ് കീറി അത് വഴിയൊരുക്കി. പൊരിയാഞ്ഞിലി ചേട്ടിലെത്തിയപ്പോൾ മുൻപിൽ ആളനക്കത്തിന്റെ ലക്ഷണം.ആയാൾ ചെവികുർപ്പിച്ചു.പിറുപിറുപ്പും സംസാരവും കേൾക്കാം.ആരോ മുൻപിലുണ്ട് അവർക്കൊപ്പമെത്താൻ അയാൾ കാലുകൾ വേഗത്തിലാക്കി.
ഇടയ്ക്കെപ്പോഴോ വന്ന നീലവെളിച്ചത്തിൽ അയാൾക്കണ്ടു തൂവെള്ള വസ്ത്രക്കാരായ മൂന്നുപേർ..
അടുക്കുന്തോറും അവർ അകന്നു പോയ്ക്കൊണ്ടിരുന്നു..അവർ കാറ്റിൽ ഒഴുകി നടക്കുന്നതുപോലെ അയാൾക്കു തോന്നി.ഹൃദയമിടിപ്പിന്റെ വേഗം പോലെ ഇരുട്ടിന്റെ കനവും കൂടിക്കൂടി വന്നു.
അയാൾ ബീഡി കെയ്യിലെടുത്തു.തീകൊളുത്തി ചുണ്ടോടു ചേർത്തു.പുറത്തുപോകുന്ന ഓരോ പുകയ്ക്കും ജീവൻ കളയുന്ന മരണ സുഖം!
അയാളുടെ കണ്ണടഞ്ഞു തുറന്ന ഞൊടിയിടയിലെപ്പോഴോ വെള്ള വസ്ത്രക്കാർ അപ്രത്യക്ഷരായ് അയാൾ നിലവിളിച്ചു,ഉറക്കേ അലറി,പൊട്ടിച്ചിരിച്ചു.
കിതച്ചുകൊണ്ടാണയാൾ വീട്ടിൽ കയറിയത്.വിണ്ടുകീറിയ വായുടെ ഇരുവശങ്ങളിലൂടെ തുപ്പൽ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു..ഇടയ്ക്കത് നൂലുപോലെ താഴേയ്ക്കിറങ്ങി പകുതി നരച്ച താടി തൊട്ട് പിന്നെയും താഴേയ്ക്ക് നീങ്ങി.*എടീ* അയാൾ നീട്ടിവിളിച്ചു. മെലിഞ്ഞുണങ്ങിയ സ്ത്രീ പുറത്തു വന്നു.കണ്ണീരിനൊഴുകാൻ പ്രേത്യേക ചാലുകൾ ഉള്ള അവളുടെ മുഖത്ത് അങ്ങിങ്ങായ് നിരവധി പാടുകൾ കാണാം.അവൾ കഴിക്കാനെടുത്തു വച്ചു.അയാൾ ഭക്ഷണത്തിനടുത്തെത്തി ഉണക്കമീനിന്റെ ചെറിയ കഷ്ണം നഖം കൊണ്ട് ഞരടി കൈപിടിയിലാക്കി മുറിയിൽ കയറി.കട്ടിലിന്റെ താഴേ കുനിഞ്ഞിരുന്ന് കുപ്പി കൈയ്യിലെടുത്ത് കുറച്ച് അകത്താക്കി മീൻ നാവിൽ തൊട്ട് തിരികെയെത്തി.
അവൾ നോക്കിയിരിയ്ക്കേ അയാൾ ഭക്ഷണം അകത്താക്കി കട്ടിലിലേക്ക് മറിഞ്ഞു.
ഒരാൾക്ക് കിടക്കാൻ മാത്രം വലുപ്പമുള്ള കട്ടിലിൽ അവൾ വർഷങ്ങളായ് അട്ടയേ പോലെ ചുരുളുന്നു.അയാൾ രണ്ടുകാലും വിടർത്തി വച്ച് കട്ടിൽ നിറഞ്ഞ് കൂർക്കം വലിച്ചുറങ്ങുകയാണ്.
അതങ്ങനെയാണ് അവൾക്കായ് ആരും ഒന്നും മിച്ചം വയ്ക്കാറില്ല കരുതാറില്ല. ബാക്കി വന്ന അരിമണിക്കൊണ്ടവൾ വിശപ്പടക്കുന്നു മട്ടരിച്ചു കുടിച്ച് ദാഹവും.കട്ടിലും ചുമരിനുമിടയിൽ അവൾക്ക് വ്യക്തമായ അവകാശങ്ങളില്ല അയാളുടെ കാലുകൾക്കിടയിലെ സ്ഥാനത്തിനവൾ അവകാശം ഉന്നയിക്കാറുമില്ല.
അവൾ കട്ടിലിൽ കയറി കാലും കൈയ്യും ചുരുട്ടി..
അവളുടെ പ്രതീക്ഷയ്ക്കുമപ്പുറം പിറ്റേന്നും നേരം വെളുക്കുമെന്നുറപ്പാണ്.
അയാളുടെ കൂർക്കം വലി ഏതോ വന്യമൃഗത്തിന്റെ കിതപ്പുപോലെ ഭീകരമായിരുന്നു.ഇടക്കയാൾ തിരിഞ്ഞു കിടന്നു ഓരോ തവണ ശ്വാസമെടുക്കുമ്പോഴും പിളരുന്ന അയാളുടെ വായിൽ നിന്നും അസഹ്യമായ ദുർഗന്ധം പുറത്തു വന്നു.
ഇടയ്ക്കെപ്പോഴോ വന്ന പാതിരാക്കാറ്റുകൊണ്ടു വന്ന സുഗന്ധവുമായ് കൂട്ടിമുട്ടി ഇരുട്ടിൽ ലയിച്ചു.

Comments
Post a Comment