" അങ്ങയുടെ മുഖം ഒരു പുസ്തകം പോലെയുണ്ട്. വിചിത്രമായ വിവരങ്ങൾ ആർക്കും വായിച്ചറിയാനാകും. കാലത്തെ വഞ്ചിക്കാൻ കാലത്തിനൊത്ത ഭാവം വേണം. പുറംകാഴ്ചയിൽ നിർമലപുഷ്പവും പക്ഷേ അടിയിൽ വിഷസർപ്പം ആയിരിക്കണം.
തെളിഞ്ഞ ഭാവത്തോടെ നിൽക്കൂ. ഭാവം മാറുന്നത് ഭയത്തെ വിളിച്ചറിയിക്കലാകും.
ഡങ്കനെ വധിച്ച് രാജാവാകണമെന്ന ആലോചന "മാക്ബത്തിൽ " അവസാനിക്കുന്നത് ലേഡി മാക്ബത്ത് മാക്ബത്തിനോട് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്.
ഈ വാക്കുകളുടെ സൂഷ്മമായ ആവിഷ്കാരം ജോജിയിൽ കാണം.
അപ്പൻ മരിച്ച് കിടക്കുമ്പോൾ ബോഡിക്കരികിലിരിക്കുന്ന ബിൻസി ചുറ്റും ശ്രദ്ധിക്കുന്നു. തുടർന്ന് പുറത്തിറങ്ങാതെയിരിക്കുന്ന ജോജിയെ വിളിക്കാൻ റൂമിലെത്തുന്നു.
മരണശുശ്രൂഷയിൽ പങ്കെടുക്കാതെ "ദു:ഖത്തിന്റെ പാനപാത്രം " കേട്ട് കട്ടിലിൽ കിടക്കുന്ന ജോജിയുടെ കണ്ണുകളിൽ നിർവികാരതയേക്കാൾ മിഴിച്ചു നിൽക്കുന്നത് നിഗൂഡമായ വിജയ ഭാവമാണ്.
" നീയിങ്ങനെ കിടക്കാതെ അങ്ങോട്ട് വന്നിരുന്നേ ജോജി "
എന്ന് ബിൻസി വിളിക്കുമ്പോൾ എഴുന്നേറ്റിരിക്കുന്ന ജോജിയുടെ ഭാവം ബിൻസിക്കും പ്രേക്ഷകർക്കും ഒരുപോലെ വ്യക്തമാകുന്നുണ്ട്.
"നീയൊരു മസ്ക് എടുത്ത് വച്ചിട്ട് വാ "
എന്ന ബിൻസിയുടെ വാക്കുകൾ അതുവരെ ജോജി ചെയ്യുന്ന കുറ്റകൃത്യത്തിന് പാസ്സീവായി സപ്പോർട്ട് ചെയ്യുന്നയാൾ എന്നിടത്തു നിന്നും കുറ്റം പിടിക്കപ്പെടാതിരിക്കാൻ അതീവശ്രദ്ധ കാണിക്കണമെന്ന ഉപദേശം നൽകുന്ന, കുറ്റകൃത്യത്തിൽ സജീവ പങ്കാളിയായ ലേഡി മാക്ബത്തിലേക്കുള്ള ആ ക്യാരക്ടറിന്റെ വളർച്ചയെ എടുത്തു കാണിക്കുന്നുണ്ട്.
ബിൻസി പോയതിനു ശേഷം കണ്ണാടിയിൽ നോക്കുന്ന ജോജി, മാസ്ക് വച്ച് മുഖഭാവം മറക്കുന്നതും തുടർന്ന് കാണാം.
മക്ബത്തിലെ സവിശേഷ രംഗങ്ങളെ ഇത്തരത്തിൽ കഥയിൽ വിളക്കി ചേർക്കാൻ പറ്റി എന്നതാണ് ജോജിയുടെ വിജയം.💓
Comments
Post a Comment