Skip to main content

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേനലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും.
ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും.
"കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും.
ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകുമ്പോഴേക്കും ഉമിനീര് പതിയെ പുളിച്ച് തുടങ്ങും. ഒന്ന് രണ്ട് തവണ പുറത്തേക്ക് തുപ്പിക്കളയും, പുളി വായ നിറയ്ക്കുമ്പോൾ ആഞാഞ്ഞ് ശർദ്ദിക്കും. ബാണ്ടക്കെട്ടിലെ തുണികളും, അങ്കിളിന്റെ മുണ്ടും, സീറ്റിന് പിറകിൽ ഇരിക്കുന്നവരും മറ്റുവഴികൾ അന്വേഷിക്കാനാവാതെ അത് ഏറ്റുവാങ്ങും. നിമിഷങ്ങൾക്കുള്ളിൽ ചേട്ടൻമാരും അത് ഏറ്റെടുക്കും.
തളിപ്പറമ്പ് എത്തുമ്പോഴേക്കും നാട്ടിലേക്കുള്ള അവസാന ബസ്സും കടന്ന് പോയിരിയ്ക്കും.
ചുടലയിൽ ബസ്സ് ഇറങ്ങി മുന്നോട്ട് നടക്കുമ്പോഴേക്കും ക്ഷീണം കൊണ്ട് ശരീരമാകെ തളർന്ന് തൂങ്ങിത്തുടങ്ങും. ഇരുട്ടിൽ അങ്കിൾ പതിയെ മുന്നോട്ട് നടക്കുമ്പേൾ ഒന്നും മിണ്ടാതെ ഞങ്ങൾ മൂന്നുപേരും പിന്നാലെ നടന്നു തുടങ്ങും. ചുടലയിലെ മരങ്ങൾ കാറ്റിലുണ്ടാക്കുന്ന ശബ്ദങ്ങൾ പിന്നിലാണെന്ന എന്റെ ഭയത്തെ വർദ്ധിപ്പിക്കും, ഞാൻ മുന്നോട്ട് ഓടും.
ഓട്ടോറിക്ഷയുടെ  ശബ്ദം ദൂരെ നിന്ന് കേൾക്കും, വെളിച്ചം കണ്ണിലടിയ്ക്കും, ആശ്വാസം.
പിന്നിട്ട ചരൽ വഴിയിൽ ശബ്ദിച്ച്, കുലുങ്ങി ഓട്ടോ ഒരു പരുവം ആകമ്പോഴേക്കും ഞാൻ തല പതിയെ പുറത്തേക്കിട്ട് നോക്കും. മാവുകളുടെയും കശുമാവുകളുടെയും ഇടയിൽ ഇരുട്ടിന്റെയുള്ളിൽ ഓടിട്ട വീട് കാണും. ഓട്ടോയിൽ നിന്നിറങ്ങി മുന്നോട്ട് നടക്കുമ്പോൾ വീടിനു മുമ്പിലെ ബൾബ് മിന്നിത്തെളിയും, വെളുത്ത അഴിച്ചിട്ട തലമുടി തടവി ആലക്കോട്ടമ്മ പുഞ്ചിരിയ്ക്കും. ചുമരിൽ പതിപ്പിച്ച എ കെ ജി, ഇ.എം.എസ്, നയനാർ ചിത്രങ്ങൾ മൂടാൻ ഇരുട്ട് കിണഞ്ഞ് പരിശ്രമിക്കുമ്പോഴേക്കും ഞാൻ കട്ടിലിലേക്ക് മറിഞ്ഞ് വീണിട്ടുണ്ടാകും.

  ഉറക്കച്ചടവോടെ വീടിനു വെളിയിലിറങ്ങി ചുറ്റും നോക്കും.ചെരുപ്പിടാതെ ചരലിൽ മുന്നോട്ട് നടക്കും, കാല് നന്നേ വേദനിക്കും. മുൻ വർഷത്തിൽ ഊഞ്ഞാലുകെട്ടി കളിച്ച ഏതെങ്കിലും കശുമാവിന്റെ പുഴു തിന്ന് ഉണങ്ങിയ കോലം മാറ്റി നിർത്തിയാൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാ എന്നത് അതിശപ്പിക്കും. പാറപ്പുല്ല് പതിവിലും നേരത്തെ ഉണർന്ന്, നിറഞ്ഞ് നിൽക്കുന്നുണ്ടാകും. തീപിടിച്ച് ഇല്ലാതായ ചില പാണ്ടും പുള്ളിയും  പ്രസരിപ്പിനപവാദം. ഓണക്കാലത്ത് പച്ച പിടിയ്ക്കുന്ന പാറയും പച്ചയ്ക്കിടയിൽ മെട്ടിട്ട് നിൽക്കുന്ന കുഞ്ഞ് കാക്കപ്പൂക്കളും ഒരു കാലം വരെ ഞങ്ങൾക്ക് അന്യം ആയിരുന്നു.
ഞങ്ങൾക്കറിവുള്ള പാറ സൂര്യനോട് മല്ലിടാനെന്ന വണ്ണം സ്വർണ്ണ നിറത്തിൽ ജ്വലിച്ച് നിന്നു. അതങ്ങനെ തന്നെ ആയിരിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു.


  വീടിന് സുമാർ ഇരുന്നൂറ് മീറ്റർ അകലെയാണ് " ഗണപതിക്കുളം."
ചുട്ട് പഴുത്ത് നിന്ന പാറയ്ക്കും സൂര്യനും ഇടയിൽ അവിടം മാത്രം തണുത്ത്, പൂത്ത്, കായ്ച്ച്, പുഞ്ചിരിച്ചു നിന്നു. പടർന്ന് പന്തലിച്ച് നിൽക്കുന്ന രണ്ട് കനി മരങ്ങളും മറ്റ് വൻ വൃക്ഷങ്ങളും, കുറ്റിച്ചെടികളും, കുളിക്കാൻ ഉപയോഗിക്കുന്ന കുളവും, കുടിയ്ക്കാൻ വെള്ളമെടുക്കുന്ന " കുഴിയും" തെരുവക്കാടും, കിളികളും, അണ്ണാനും, പാമ്പും, പഴുതാരയും, കനിപ്പൊത്തിൽ ജീവിക്കുന്ന അനേകായിരം കുഞ്ഞ് ജീവികളും ചേർന്നതാണ് ഗണപതിക്കുളം എന്ന് ഒരു വിധത്തിൽ പറഞ്ഞുവയ്ക്കാം.
അമ്പലക്കുളത്തിലേക്കെത്താൻ വെട്ടുകല്ലിൽ  തീർത്ത ചെറുപടവുകൾ ഇറങ്ങണം. വേനൽക്കാലത്ത് കുളത്തിന്റെ ഉറവയോട് ചേർന്ന ചതുരത്തിൽ തെളിഞ്ഞ വെള്ളം കാണാം. കുഞ്ഞ് മീനുകൾ, തവള, പാമ്പുകൾ വെള്ളം ഇളക്കി നീങ്ങും. കുളത്തോട് ചേർന്ന് നിൽക്കുന്ന കനി മരത്തിന് ചേർന്ന് ഗണപതിവിഗ്രഹം കാണും. മുൻപിൽ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകളെ ഗൗനിച്ചോ അല്ലാതയോ അത് ശാന്തമായ് നിലനിൽക്കുന്നു. "കുഴി" ഒരാൾ ഇറങ്ങാൻ പാകത്തിലുള്ളതാണ്, പടവുകൾ ഇല്ല. മുകളിൽ നിന്ന് എത്തി നോക്കിയാൽ വെള്ളം തുള്ളിയേ കാണൂ..
എന്നിരുന്നാലും ഒരു "പാനി" മുങ്ങേണ്ട വെള്ളം  വർഷങ്ങളായ് അത് കാത്ത്  പോരുന്നു. വട്ടയിലയിൽ കോരിയെടുത്ത് കുടിക്കുമ്പോൾ കുഴിയിലെ വെള്ളത്തിന് എന്തെന്നില്ലാത്ത സ്വാദ് കൈവരുന്നു.

  വൈകന്നേരങ്ങളിൽ അമ്പലക്കുളം സജീവമാകുന്നു. കുഴിയ്ക്ക് അരികിലുള്ള കനിയക്ക് താഴേയാണ് കുട്ടികളുടെ സ്ഥലം. സൈക്കിൾ അഭ്യാസങ്ങൾക്ക് ശേഷം അവർ അവിടെ ക്രിക്കറ്റ് കളിയ്ക്കും.. കളിയ്ക്ക് ശേഷം സ്റ്റംപും ബാറ്റും അനേകം ജീവജാലങ്ങളുടെ പാരമ്പര്യ സ്വത്തായ കനിപ്പൊത്തിൽ സൂക്ഷിച്ച് വയ്ക്കും. അമ്പലക്കുളത്തിന് മുൻപിൽ ഉള്ള സമാന്യം വല്യ മൈതാനം യുവാക്കൾക്കുള്ളതാണ്;വേനലവധിക്ക് മുൻപ് തീയിട്ട് പിച്ച് ഒരുക്കി കളിക്ക് തയ്യാറായി വയ്ക്കും.
അമ്പലക്കുളത്തിൽ സ്ത്രീകളുടെ ശബ്ദം ഉയർന്നു തുടങ്ങുമ്പോഴേക്കും ഇരുകൂട്ടരുടെയും കളി ആറ് ഓവറെങ്കിലും പിന്നിട്ടിരിയ്ക്കും.
ദിവസത്തിന്റെ അഴുക്ക് സോപ്പിൽ അലിയിച്ച്; കുശുമ്പും, കന്നായ്മയും, നാട്ടുവർത്തമാനങ്ങളും കുത്തിതിരുമ്മും.
കളിക്കിടെ തെറിച്ച് വരുന്ന പന്തെടുക്കാൻ പെൺകട്ടികൾ മത്സരിക്കുന്നുണ്ടാകും.
 ഗണപതിക്കുളത്തിന്റെ ശബ്ദം മുറുകുമ്പോൾ സൂര്യൻ അസ്തമിക്കാനുള്ള തിരക്കിലായിരിയ്ക്കും.

Comments

Post a Comment

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...