ജർമ്മനിയിലെ നാസി ഭരണകാലം. സൈനീകനായ അച്ഛന് പ്രമോഷൻ കിട്ടുന്നതോടെ ബ്രൂണോയുടെ ജീവിതം മാറിമറിയുന്നു. പാറി പറന്നു നടന്ന വീട്ടിൽ നിന്നും ജയിലു പോലുള്ള വലിയ വീട്ടിലേക്ക് അവൻ പറിച്ചു നടപ്പെടുന്നു. പുസ്തക പഠിപ്പിൽ നിന്ന് രക്ഷപെടാൻ കൗതുകം അവനെ വീടിന് പിന്നിലെ ദുർഗന്ധം വമിക്കുന്ന വലിയ പുകക്കുഴലിന് സമീപത്തുള്ള 'ഫാമി'ലെത്തിക്കുന്നു. നെടുകെ നീല വരകളുള്ള പൈജാമയണിഞ്ഞ ഷ്മുളിനെ ബ്രൂണോ അവിടെ വച്ചാണ് ആദ്യം കാണുന്നത്. വിലക്കപ്പെട്ട കമ്പിവേലികൾക്കപ്പുറത്തെ ഫാമിലെത്താൻ പാകത്തിന് സൗഹൃദം കേൾവിക്കാരനായ്, ഭക്ഷണമായ്, കളിക്കൂട്ടായ്, പിണക്കമിണക്കങ്ങളായ് വളരുകയായിരുന്നു. ഷ്മുളിന്റെ അച്ഛനെ കണ്ടെത്താൻ മുന്നിട്ടിറങ്ങി ഒടുവിൽ ബ്രൂണോയും ഷ്മുളും 'രാജ്യസ്നേഹത്തിന്റ ' ഷവറിൻകീഴിൽ നഗ്നരാക്കപ്പെട്ട് കൈകോർത്ത് നിൽക്കുമ്പോൾ, 'മരണക്കുളി' കാത്ത് വയറൊട്ടി എല്ലുന്തി നിരവധി മനുഷ്യർ അവർക്കൊപ്പം ഗ്യാസ് ചേംമ്പറിൽ ഉരുകുമ്പോൾ; ഇടി മുഴക്കത്തിന്റെ അലയൊലികൾ നേർത്തു വന്ന് Boy in the Striped Pyjamas അവസാനിക്കുന്നു. യുദ്ധത്തെ വ്യവസായിയുടെ കണ്ണിലൂടെ കാണാൻ മാത്രമാണ് ഓസ്കർ ഷിൻഡ്‌ലറിനാകുക. യുദ്ധത്തിൽ നഷ്ടപ്പെടുന്...