പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന മറ്റൊരു സനൽകുമാർ ശശിധരൻ ചിത്രം. തീവ്രമായ ആവിഷ്കാരം അർഹിക്കുന്ന കഥാതന്തുവിനെ വികലമാക്കി, ഇഴപ്പിച്ച് ബുദ്ധിക്കുള്ള ചിത്രമാണെന്ന് പറയിക്കാനുള്ള പാഴ് ശ്രമത്തിൽ കൂടുതലായൊന്നും കാണാൻ കഴിഞ്ഞില്ല. അദ്ധേഹത്തിന്റെ മുൻ ചിത്രം എസ്.ദുർഗ്ഗ ആവിഷ്കാര സ്വാതന്ത്രത്തിനു നേരേയുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന ചിഹ്നമായ് മാറി കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ചോലയുടെ ടൈറ്റിൽ ചോര എന്നുകൂടി വായിക്കാം. അക്ഷരാർത്ഥത്തിൽ പ്രേക്ഷകന്റെ ചോര ഊറ്റി കുടിക്കുന്നതിനാൽ അങ്ങനെരു പേരാണ് അനുയോജ്യമായ് തോന്നിയത്. വെളുപ്പാൻ കാലത്ത്, തണുത്തുറഞ്ഞ ഗ്രാമപ്രദേശത്ത് നിന്ന് സിനിമ ആരംഭിക്കുന്നു. ജാനകി എന്ന ജാനു ആൺ സുഹൃത്തുമൊത്ത് നഗരം കറങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. സുഹൃത്തിനൊപ്പം ആശാനും ഉണ്ട്. അയാളുടെ സാനിദ്ധ്യം അവളെ അസ്വസ്ഥമാക്കുന്നു.
ജീപ്പ് ഇവർ മൂന്നു പേരുമായ് ചുരം ഇറങ്ങുമ്പോൾ ക്യാമറ നിശ്ചലമായ് മൂന്നാല് മിനുട്ട് ഇറക്കം നോക്കി നിൽക്കുന്നത് കാണം. നഗരത്തിലെ ചുറ്റിലിന് ശേഷം രാത്രി തിരികെ പോകാൻ കഴിയാതെ ഇവർ റൂമെടുത്ത് കഴിയുന്നു, റൂമിലെക്ക് പോകും മുൻപ് പെൺകുട്ടിയുടെ സുഹൃത്ത് ആശാനോട് പറയുന്നു " ഒന്നും നടന്നില്ലാ, കര്യങ്ങൾ ഏകദേശം നാട്ടുകാർ എല്ലാരും അറിഞ്ഞു." പെൺകുട്ടിയെ അവഗണന വകവയ്ക്കാതെ റൂമിൽ കയറ്റിയ ശേഷം ആൺ സുഹൃത്തിനെ മദ്യവും ഭക്ഷണവും വാങ്ങാൻ ആശാൻ പറഞ്ഞയക്കുന്നു. "ഒന്നും നടന്നില്ലെന്ന് ആശങ്കപ്പെടുന്ന" ആൺ സുഹൃത്ത് സാധനങ്ങൾ വാങ്ങാൻ കിതച്ചോടുമ്പോൾ ക്യാമറ അതിവേഗത്തിലാകുന്നുണ്ട്. താൻ വൈകിയാൽ പെൺകുട്ടിയുടെ "എല്ലാം" നഷ്ടപ്പെടും എന്ന ബോധം ആകാം ക്യാമറമാനും സംവിധായകനും അയാൾക്കും ഒപ്പം ഓടുന്നത്.ആശാൻ പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കുമ്പോൾ ക്യാമറ തൊട്ടടുത്തുള്ള വിചനമായ ടൗണിൽ ചുറ്റിത്തിരിയുന്നു.
ശേഷം മേൽ യുവാവ് ഏങ്ങലടിച്ചു കരയുന്നു.
കൃത്യമായ ആൺനോട്ടവും അതിന്റെ മാർക്കറ്റിങ്ങുമാണ് ചിത്രം. ആശാൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കാനൊരുങ്ങുമ്പോൾ ദേഹത്ത് മുഴുവൻ വെള്ളം ഒഴിച്ച് ഓട്ടിയ വസ്ത്രങ്ങളുമായ് കീഴടങ്ങാൻ തയ്യാറായി പെൺകുട്ടി കണ്ണടിക്ക് മുൻപിലെത്തുന്നു. ഇടയ്ക്ക് ടൗണിൽ വച്ച് വാങ്ങുന്ന പുതിയ വസ്ത്രം കടലിൽ നനഞ്ഞതു കൊണ്ട് വീണ്ടും പെൺകുട്ടി ഇറുങ്ങിയ മേൽ പറഞ്ഞ വസ്ത്രം (യുണിഫോം) ഇടുന്നത് മേൽ രംഗം കൊഴുപ്പിക്കാനാകാം. ആൺനോട്ടങ്ങൾ അടയാളപ്പെടുത്തുന്ന ഈ രംഗങ്ങൾ സിനിമയുടെ പരസ്യത്തിനായ് നവ മാധ്യമങ്ങളിൽ തലങ്ങും വിലങ്ങും പ്രചരിപ്പിക്കുമ്പോൾ മനസ്സിലാക്കും ചലച്ചിത്രകാരന്റെ ഉത്സാഹത്തിന്റെ പിന്നാമ്പുറം.
അതിക്രമത്തിന് ശേഷം ബെഡിൽ കാണുന്ന തുള്ളിച്ചോരയും അൾട്ടർനേറ്റായ് കാണിക്കുന്ന വേശ്യവൃത്തി ചെയ്യുന്ന സ്ത്രീയും നടന്ന രംഗത്തെ നോർമലൈസ് ചെയ്യാനുള്ള സംവിധായകന്റെ ശ്രമമായ് വേണം കരുതാൻ.
തുടർന്ന് ആശാനോട് പെൺകുട്ടിക്ക് മമത ഉണ്ടാകുന്നു. വീട്ടിൽ പോകണ്ടയെന്ന് വാശി പിടിക്കുന്ന പെൺകുട്ടിയെ കാട്ടിൽ കയറ്റി വെള്ളത്തിൽ വച്ച് ആശാൻ പിന്നെയും പീഡനത്തിനിരയാക്കുന്നു. റേപ് കൾച്ചറെന്ന പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനമായ വിപത്തിനെ കാൽപനികവത്കരിക്കുന്ന ഷോട്ടുകൾ കൊണ്ടാണ് ജലത്തിൽ വച്ചുള്ള രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വാട്ടർ തീം പാർക്കിൽ ഉല്ലസിക്കുന്ന ലാഘവത്തോടെയാണ് സിനിമയിതിനെ കാണിക്കുന്നത്.
ആൺ സുഹുത്ത് ദേഷ്യം കൊണ്ട് ആശാനെ അക്രമിക്കുന്നു ഒടുവിൽ പെൺകുട്ടി ആൺസുഹൃത്തിനെ ഇല്ലാതാക്കുന്നു.
കഥാപാത്ര സൃഷ്ടിയും പൂർണ്ണത കൈവരിക്കാത്തതാണ്. ജോജുവിന് കാര്യമായ അഭിനയ സാധ്യത കണ്ടില്ല. ചെറുപ്പക്കാരന്റെ അഭിനയം മികച്ചതാണ്. നിമിഷ സജയൻ ചിലയിടങ്ങളിൽ കല്ലുകടിയാകുന്നുണ്ട്, പലപ്പോഴും കൈയ്യിലൊതുങ്ങാത്ത പ്രകടനം വിരസമാക്കുന്നുണ്ട്. അങ്ങേയറ്റം സ്ത്രീ വിരുദ്ധതയും ആണധികാരവും വൃത്തികെട്ട സദാചാരങ്ങളും കുത്തി നിറച്ചതാണ് ചോല. അടൂർ ഗോപാലകൃഷ്ണന്റെ വിധേയനിലെ പോലെ കരുത്തുള്ള ആൺ രൂപവും ഗ്രേഡ് കുറഞ്ഞ ആണും അപലയായ സ്ത്രീയും ഉണ്ടിവിടെ, കീഷേകൾ അവസാനിപ്പിക്കാൻ ഒരുക്കമില്ലാത്ത സംവിധായകൻ കൂടുതൽ ഒന്നും ചെയ്യാൻ ആഗ്രഹിച്ചു കണ്ടില്ല.
എം മുകുന്ദന്റ ഫോട്ടോ എന്ന കഥയെ ആധാരമാക്കി ഷൈജു ഖാലിദ് സംവിധാനം ചെയ്യ്ത സേതുലക്ഷ്മി (അഞ്ചു സുന്ദരികൾ) ലൈംഗിക ചൂഷണത്തിന്റെ ഉള്ളുല്ക്കുന്ന ഓർമ്മകളായ് മുന്നിലെത്തുന്നു.
കെട്ട്യോൾ ആണെന്റെ മലാഖ പോലുള്ള ചെറിയ സിനിമകൾ ലൈംഗീകത ചർച്ച ചെയ്യാൻ കാണിച്ച ധൈര്യം പോലും ' പുറത്ത് ' അംഗീകരം ലഭിക്കുന്ന ചിത്രങ്ങൾക്ക് കേരളത്തിൽ ചെയ്യാൻ കഴിയുന്നില്ല എന്നത് ലജ്ജാകരം തന്നെ.
ഈ സിനിമ എല്ലാവർക്കും പറ്റിയതല്ലയെന്ന് നിസംശയം പറയാം ഒപ്പം സിനിമ സംവിധാനവും എല്ലാവർക്കും പറ്റിയതല്ലാ എന്ന് കൂടിയാകുമ്പോൾ പൂർണ്ണമാകും.

Comments
Post a Comment