Skip to main content

രാജ്യസ്നേഹത്തിന്റെ കുളിപ്പുരകളിൽ | Review |



ജർമ്മനിയിലെ നാസി ഭരണകാലം. സൈനീകനായ അച്ഛന് പ്രമോഷൻ കിട്ടുന്നതോടെ ബ്രൂണോയുടെ ജീവിതം മാറിമറിയുന്നു. പാറി പറന്നു നടന്ന വീട്ടിൽ നിന്നും ജയിലു പോലുള്ള വലിയ വീട്ടിലേക്ക് അവൻ പറിച്ചു നടപ്പെടുന്നു. പുസ്തക പഠിപ്പിൽ നിന്ന്  രക്ഷപെടാൻ  കൗതുകം അവനെ വീടിന് പിന്നിലെ ദുർഗന്ധം വമിക്കുന്ന വലിയ പുകക്കുഴലിന് സമീപത്തുള്ള 'ഫാമി'ലെത്തിക്കുന്നു. നെടുകെ നീല വരകളുള്ള പൈജാമയണിഞ്ഞ ഷ്മുളിനെ ബ്രൂണോ അവിടെ വച്ചാണ് ആദ്യം കാണുന്നത്. വിലക്കപ്പെട്ട കമ്പിവേലികൾക്കപ്പുറത്തെ ഫാമിലെത്താൻ പാകത്തിന് സൗഹൃദം കേൾവിക്കാരനായ്, ഭക്ഷണമായ്, കളിക്കൂട്ടായ്,  പിണക്കമിണക്കങ്ങളായ് വളരുകയായിരുന്നു.
ഷ്മുളിന്റെ അച്ഛനെ കണ്ടെത്താൻ മുന്നിട്ടിറങ്ങി ഒടുവിൽ ബ്രൂണോയും ഷ്മുളും 'രാജ്യസ്നേഹത്തിന്റ '  ഷവറിൻകീഴിൽ നഗ്നരാക്കപ്പെട്ട് കൈകോർത്ത് നിൽക്കുമ്പോൾ,
'മരണക്കുളി' കാത്ത് വയറൊട്ടി എല്ലുന്തി നിരവധി മനുഷ്യർ അവർക്കൊപ്പം ഗ്യാസ് ചേംമ്പറിൽ ഉരുകുമ്പോൾ; ഇടി മുഴക്കത്തിന്റെ അലയൊലികൾ നേർത്തു വന്ന്  Boy in the Striped Pyjamas അവസാനിക്കുന്നു.

യുദ്ധത്തെ വ്യവസായിയുടെ കണ്ണിലൂടെ കാണാൻ മാത്രമാണ് ഓസ്കർ ഷിൻഡ്‌ലറിനാകുക. യുദ്ധത്തിൽ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ച് അയാൾക്കാശങ്കയില്ലായിരുന്നു, തന്റെ ഉദ്യമങ്ങളിലെ വിജയത്തിനപ്പുറം മറ്റൊന്നും അയാളെ അലട്ടിയിരുന്നില്ല, ക്രൂരമായ നസീപീഡനത്തിന്റെ കാഴ്ചകൾ അയാളിലെ മനുഷ്യനെ ഉണർത്തുന്നതു വരെ. അവസാനത്തെ നാണയത്തുട്ടും പട്ടാളത്തിന് കൈക്കൂലി നൽകി തന്റെ ഫാക്ടറി തൊഴിലാളികളുടെ ജീവൻ സ്വരുക്കൂട്ടാൻ ഷിൻഡ്ലർ ശ്രമിക്കുന്നു. ഒടുവിൽ രക്ഷിച്ചെടുത്തവരോട് വികാരഭരിതനായ് യാത്ര പറയുമ്പോൾ ഓരോ മനുഷ്യന്റെയും  ഉള്ളുലയുന്നു.
മഹാ ദുരിതത്തിലും അതിജീവനത്തിന്റെ പന്തുതട്ടലാകുകയാണ് Two half times in hell.
ദി റീഡറും ബുക്ക്തീഫും കണ്ണു നനയിക്കുന്ന കഥ പറയുമ്പോൾ പുസ്തകം/ വാക്ക് പ്രതിരോധമായ്/ സമാധാനമായ്  കൂട്ടിരിക്കുന്നത് കാണാം. നാസി  അക്രമണങ്ങൾക്കതെ നാണയത്തിൽ മറുപടി പറയുന്ന inglorious basterds -ൽ ഒരാളാകാൻ ആരും കൊതിക്കുന്നു. ഭ്രമങ്ങളിൽ/ ഫാൻറസിയിലെങ്കിലും ഹിറ്റ്ലർ കൊല്ലപ്പെടുന്നു.

 സൺ ഓഫ് സോൾ ( Son of Saul) അവ്യക്തമായ ഫ്രയിമിൽ ആരംഭിക്കുന്നു. സോവോളിന്റെ കാഴ്ചയിൽ ജർമൻ കൊലക്കിണറായ ഓഷ്വെറ്റിസിന്റെ കാഴ്ചകൾ. തടവുകാരിൽ ചിലരെ മാറ്റിനിർത്തി മറ്റുള്ളവരെ നാസികൾ കൊന്നു തള്ളുന്നു. മാറ്റി നിർത്തുന്നവർക്ക് ക്യാമ്പിൽ പണിയെടുക്കാനും കൂട്ടക്കൊലയിൽ മരിച്ച് വീഴുന്നവരുടെ ശവങ്ങൾ മറവു ചെയ്യാനുമാണ് തൊഴിൽ. അവരെ Sonderkommando - എന്ന് വിളിക്കുന്നു. മരണം അവരിൽ അൽപം വൈകിയാണെത്തുക.
സോവോൾ അവരിൽ ഒരാളാണ്. ചിതറിക്കിടക്കുന്ന മനുഷ്യരുടെ ശവശരീരങ്ങൾ വികാരമേതുമില്ലാതെ ചുമക്കേണ്ടി വരുന്നുണ്ട് അയാൾക്ക്. തന്റെ മകനെന്നു കരുതുന്ന കുട്ടിയെ ജൂദ മതപ്രകാരം അടക്കം ചെയ്യാൻ ശ്രമിക്കുന്ന സോവോളിന്റെ ശ്രമങ്ങൾ ആണ് ചിത്രം. അങ്ങേയറ്റം വെറുക്കുന്ന പ്രത്യയശാസ്ത്രത്തോടൊപ്പം പൊരുത്തപ്പെടേണ്ടി വരുന്നുണ്ട് അയാൾക്ക്.

 സോളിന്റെ വിധിയോട് ചേർത്ത് വായിക്കാൻ കഴിയുന്ന  ഇന്ത്യയിലെ വാർത്ത കണുമ്പോൾ ഭയമേറുന്നു. പേര് ഷെഫലി ഹാജോങ്ങ് , അസം പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവർക്കായി തടങ്കൽ പാളയം ഒരുങ്ങുന്നു എന്ന വാർത്തയോടൊപ്പം വന്ന തടങ്കൽ നിർമ്മാണത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി തൊഴിലാളികളും പട്ടികയിൽ ഇല്ല എന്ന വാർത്തയിലാണ് ആ പേര് കണ്ടെത്തിയത്. അതായത് തടങ്കൽ പൂർത്തിയായാൽ ആദ്യം അതിൽ അകപ്പെടുന്നത് അത് നിർമ്മിച്ചവരിൽ ചിലരാകാം; ഷെഹലി ഹാജോങ്ങ് എന്ന ആദിവാസി സ്ത്രീ അടങ്ങുന്ന ആരുമാവാം. അവസ്ഥയിൽ പേടിയുണ്ടെന്നും എന്നാൽ വിശപ്പ് മാറ്റാനാണ് ജോലി ചെയ്യുന്നതെന്നും സ്ത്രീ പറയുമ്പോൾ അപകടം എത്രത്തോളമെന്നറിയുന്നു. ഡിറ്റൻഷൻ ക്യാമ്പുകിൽ ആശുപത്രിയും സ്കൂളും കളിസ്ഥലവും ഉണ്ടെന്ന് വാർത്ത വരുമ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചു  കോൺസെൻട്രഷൻ ക്യാമ്പിലേക്കുള്ള ആളുകളുടെ പലായനം "പിയാനിസ്റ്റിലേ" രംഗമായ് തെളിഞ്ഞു വരുന്നു.
കൂറ്റൻ ചുറ്റുമതിലും നിരീക്ഷണ ടവറും കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു പുത്തൻ ഡിറ്റൻഷൻ   ക്യാമ്പുകൾ. അത്തരമൊരു ക്യാമ്പിൽ ജീവിതത്തെ
സുന്ദരമായ് മാത്രം കാണാൻ ശീലിച്ച മനുഷ്യൻ; സ്വന്തം കുഞ്ഞിന്റെ ജീവൻ കാത്ത്, ക്രോക്കി കാട്ടി രസിപ്പിച്ച് മരണത്തിലേക്ക് അടിവച്ച് കൈ വീശി ചിരിച്ച് നടക്കുന്നതോർക്കുന്നു. അയാളെ കണ്ടെത്തിയ നിരീക്ഷണ ടവറിലെ വെളിച്ചം പോലും ആ നിമിഷം നിസ്സഹായായിരുന്നിരിക്കണം.  Roberto Benigni -യുടെ Life is Beautiful; ജീവിതത്തെ അത്രമേൽ പ്രണയിച്ച അപൂർവ്വ മനുഷ്യനെക്കുറിച്ചാണ്.

ദേശീയ പൗരത്വ രജിസ്റ്റർ ബഹിഷ്കരണത്തിന്റെ പട്ടികയാകുമ്പോൾ അഭയാർത്ഥി പ്രവാഹമുണ്ടാകുമ്പോൾ ജർമനിയിലും ഇറ്റലിയിലും കണ്ട വെറുപ്പും അതിൽ നിന്ന് പ്രചോദനം കൊണ്ട ഇന്ത്യൻ വിദ്വേഷവും വിജയിക്കുന്നു.  മനുഷ്യന്റ സ്വാതന്ത്ര്യം തടയപ്പെടുന്ന എവിടെയോ, എവിടെ അവൻ ചങ്ങലകളിലാകുമോ, എവിടെ സങ്കുചിത ദേശീയത അപരനയുണ്ടാക്കുന്നുവോ, എവിടെ ദളിതനും മുസ്സീമും ന്യൂനപക്ഷങ്ങളും അക്രമിക്കപ്പെടുന്നുണ്ടോ
എവിടെ എഴുത്തുകാർ, ചിന്തകർ,വിദ്യാർത്ഥികൾ അടിച്ചമർത്തപ്പെടുന്നുവോ
അവിടെല്ലാം  കോൺസെൻട്രഷൻ ക്യാമ്പുകളുണ്ടാകുന്നു; ചിലപ്പോൾ  മനസ്സുകളിൽ, അല്ലെങ്കിൽ  കെട്ടിടത്തിൽ,  ജയിലിൽ, നാലാളു കൂടുന്നയിടങ്ങളിൽ  ഭൂരിപക്ഷ വർഗ്ഗീയത അഴിഞ്ഞാടുന്ന രാജ്യത്തു തന്നെയും.

 ലോക മനസാക്ഷിയെ പിടിച്ചുലച്ച വംശഹത്യയെ 'ഇന്ത്യൻ സാഹചര്യങ്ങളെ ' അധികരിച്ച് നിസ്സാരവത്കരിക്കരുതെന്ന് പറയുന്നവർക്കുള്ള മറുപടി കൂടി പറഞ്ഞു കൊണ്ടാണ് നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിലെ യാഥാർത്ഥ്യം ലോകത്തിന് മുൻപിൽ തുറന്നു കാണിച്ച രാത്രിയും മൂടൽമഞ്ഞും എന്ന (Night and Fog) വിശ്വപ്രസിദ്ധ ഡോകുമെന്ററി ചിത്രം അവസാനിക്കുന്നത്:

"എന്നെന്നേയ്ക്കുമായ് നമുക്ക് ഇത്തരം ക്യാമ്പുകളിൽ നിന്നും മോചനം ലഭിച്ചു കഴിഞ്ഞു എന്ന മട്ടിൽ ഈ ബിംബങ്ങൾ ഭൂതകാലത്തിലേക്ക് പിൻവാങ്ങുമ്പോൾ, നാം വീണ്ടും പ്രതീക്ഷ പുലർന്നതായ് ഭാവിക്കുന്നു. ഇതൊക്കെ ഒരിക്കൽ മാത്രം ഒരു നിശ്ചിത സ്ഥലത്തും സമയത്തും നടന്നതാണെന്ന് നാം കരുതുന്നു. നമുക്ക് ചുറ്റുമുറ്റതിനെ നാം കണ്ടില്ലെന്ന് നടിക്കുന്നു. മനുഷ്യരാശിയുടെ അവസാനിക്കാത്ത നിലവിളി നാം കേട്ടില്ലെന്ന് നടിക്കുന്നു."



Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...