Skip to main content

അവുങ്ങുംപൊയിൽ ഡയറീസ് - 2

ചെറിയ കാറ്റു വീശുന്ന, സൂര്യൻ അസ്തമിക്കാനൊരുങ്ങുന്ന വൈകുന്നേരം
ഞങ്ങൾ ഗണപതികുളത്തിന്റെ പടവുകളിൽ ഇരുന്നു.
കുളത്തിനോട് ചേർന്ന
വലിയ കനിച്ചോട്ടിൽ ചിതറി കിടക്കുന്ന നാണയങ്ങൾക്കു മുകളിലായ് വർഷങ്ങളായ് പ്രൗഡിയോടെ നിന്നിരുന്ന ഗണപതിവിഗ്രഹം അവിടെയില്ല. ഞാൻ
കണ്ണോടിച്ചു.

"നമ്മുടെ ഗണപതിയെങ്ങോട്ടു പോയ്?
" അത് ഇടയ്ക്കങ്ങനെ പോകുന്നതാണ്, കുറച്ച് കഴിയുമ്പോൾ തിരിച്ച് വന്നോളും."

വേനൽ അവധി തുടങ്ങി ചുരമിറങ്ങി; നാല് മണിക്കൂർ യാത്രയും ക്ഷീണവും കുളിയും ഉറക്കവും കഴിഞ്ഞ് കുഞ്ഞു ഞങ്ങൾ എത്തുന്ന ദിവസങ്ങളിൽ ഭഗവാൻ കനിച്ചോട്ടിൽ നിറയുന്നതിൽ യാതൊരു വീഴ്ചയും വരുത്താറില്ലായിരുന്നു. അന്ന് കണ്ടതിൽ വച്ച് ഏറ്റവും വലിയ മരത്തിന് കീഴിൽ ശാന്തമായിരിക്കുന്ന വിഗ്രഹം ഇക്കാലമത്രയും അത്ഭുതമായിരുന്നു.
വിഗ്രഹത്തെ സംരക്ഷിച്ചു പോരുന്ന അദൃശ്യ ശക്തികൾ പാമ്പായും പഴുതാരയായും അമർചിത്രകഥകളിലെ ഭീകരജീവികൾക്കൊപ്പം കോംബോ ആയും ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു.
വിഗ്രഹമിരിക്കുന്ന  കനിമരം കടന്ന്, വെട്ടുകല്ലിൽ തീർത്ത കറുത്ത
പടവുകളിറങ്ങി, കുളത്തിലെ ഉറവ നിറയ്ക്കുന്ന കുഞ്ഞു ചതുരത്തിൽ നിന്ന് തണുത്ത വെള്ളമെടുത്ത് മുഖത്തൊഴിക്കുമ്പോൾ വിഘ്നേശ്വരന് പുഞ്ചിരിക്കുന്ന മുഖമാണ്.

 ചുതുരത്തിനപ്പുറം കറുത്തിരുണ്ട ചെറിയ ചതുപ്പ് ,
ഗണപതിക്കുളത്തെയാകെ ചൂടിച്ച് നിൽക്കുന്ന കനിമരങ്ങളും മറ്റു വൻമരങ്ങളും ചാരായം ഒളിച്ചു വെക്കാറുള്ള കുറ്റിക്കാടുകളും ചേർന്ന് സൂര്യപ്രകാശം നട്ടുച്ചയ്ക്കും അരിച്ചിറങ്ങുന്ന കാഴ്ച. കനിമരത്തിന് മുകളിൽ  ഊഞ്ഞാലകെട്ടി വലിയ വള്ളിചെടികൾ ചതുപ്പിന് കൃത്യം മുകളിൽ നിൽക്കുന്നു. വീരശൂരപരാക്രമികൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് വള്ളിയൂഞ്ഞാലാട്ടം. നിയോഗം പോലെ ചിലർ അവയെ കീഴടക്കി, കാലുകൾ ഉടക്കി തലകീഴായ്വരെ ആടി തിമിർത്തു. ചിലർ ഭയന്നു മാറി, കയറണോ വേണ്ടയോ എന്ന കൺഫൂഷ്യനടിച്ച് ചിലർ നരവന്ന് പ്രായമുള്ളവരായ്,
കിണഞ്ഞു ശ്രമിച്ച  കൂട്ടരാകട്ടേ പരാജയം സോപ്പും  ചെളിയും ചേർത്ത്  രുചിച്ചു.

കുളവും കളിസ്ഥലവും സജീവമാകുന്ന വൈകുന്നേരങ്ങളിൽ കുളത്തിലെ മീനുകൾ അടിപറ്റിക്കിടന്നു, പാമ്പുകൾക്കായ് മാളം വഴി - വെള്ളമെടുക്കുന്ന കുഴിയിലെക്കും തിരിച്ച് എത്തിനോക്കാനായ് കുളത്തിലേക്കും അമ്പതു മീറ്റർ ഇഴച്ചിൽ  സംഘടിപ്പിക്കപ്പെട്ടു. ബാർ സോപ്പ് കൊണ്ട് കുത്തി പിഴിഞ്ഞു കൊണ്ടിരുന്നവർ സോപ്പും പത ചതുരത്തിൽ എത്താതിരിക്കാൻ വെള്ളത്തിൽ പെരുവിരൽ കൊണ്ട് കളമെഴുതി. അലക്കുകല്ലിൽ അദ്യ സ്ഥാനം പിടിച്ചവർ , പരമാധികാരികളെ പോലെ ഹുങ്കുകാട്ടി, കല്ലുകൾ പൊതിരെ തല്ല് മേടിച്ചു കൂട്ടി. തലേന്ന് വച്ചിട്ടു പോയ ചകിരി കാണാതെ ചിലർ പരക്കം പാഞ്ഞുകൊണ്ടിരുന്നു, പുതിയ ചകിരിച്ചോർ വെള്ളത്തിന് മുകളിലായ് ഒഴുകി നടന്നു.


ഗ്രാണ്ടിൽ ക്രിക്കറ്റ് പൊടിപൊടിക്കുകയാണ്. കീപ്പറിന് പുറകിൽ കീപ്പറും അതിനു പിന്നിൽ    ബാൾ പെറുക്കാൻ കുട്ടി ടീമും നിരന്നു നിന്നു; കുളത്തിലേക്കെത്തുന്ന പന്തെടുക്കാൻ മത്സരിച്ചു.
ആരോ നീട്ടിയടിച്ച പന്ത് തൊട്ടടുത്ത പറമ്പിലെക്ക് തെറിച്ചു പോകുന്നു. ബോൾ കണ്ടെത്താനുള്ള ഓട്ടത്തിനിടയിൽ അതിർത്തി വരച്ച് നിൽക്കുന്ന അഞ്ചാറ് മാവുകളുടെ പ്രലോഭനം. നിറയെ മാങ്ങകളുള്ള മാവിൻ ചോട്ടിലെക്ക് ഓടിയടുക്കാൻ കൊതിക്കുമ്പോഴോക്കെയും പാറയ്ക്കു നടുവിലെ വീട്ടിലെ കിഴവൻ നായ്ക്കളുടെ റോന്തടി പിന്തിരിപ്പിക്കുന്നു.

തിങ്ങി നിൽക്കുന്ന ഉണങ്ങിയ പാറ പുല്ലുകളെ ചായ്ച്ചു കൊണ്ടാകും ഓരോ വേനൽ മഴയും കടന്നു പോകുന്നത്. ചരൽ  മണ്ണിനോട് ഒട്ടി കിടക്കുന്ന വേനലിലെ അപൂർവ്വ ദിവസങ്ങളാണത്. മഴ പെയ്യുന്ന ഓരോ രാത്രിയിലും ഗണപതികുളം നിറയുന്നത് ഓർത്തു കിടന്നു, ചതുരം കവിഞ്ഞ് കുളം നിറഞ്ഞ് പാറയിലെക്കൊഴുകുന്ന കാഴ്ച.  നിറഞ്ഞ കുളത്തിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ മുഷികളുടെ പരക്കംപാച്ചിലുകൾ,
പിടയ്ക്കുന്ന മുഷിയുടെ മേലെ പൊടുന്നനെ തുളച്ചുകയറുന്ന കത്തി, മീനൊഴുകുന്ന ചാലുകൾ നോക്കി ടോർച്ചടിച്ച് കൃത്യമായ വെട്ടു വെട്ടി കുട്ടനിറയ്ക്കുന്ന രൂപങ്ങൾ.
കുളം നിറഞ്ഞ് മുഷിയൊഴുകുന്നത് അവരറിഞ്ഞു കാണുമോ?
ഒട്ടാകെ പ്രകാശിപ്പിക്കുന്ന ഒരു മിന്നൽ.

ഗണപതികുളത്തിന്റെ ഇരുണ്ട കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഞൊടിയിടയിൽ പൊന്തി വന്ന് നിമിഷം കൊണ്ട് മാഞ്ഞു പോകുന്ന ഒരാൾ. തോർത്തുടുത്ത്, അരയിലെ കയറിൽ കത്തി കോർത്ത് , അടഞ്ഞ ഒരു കണ്ണും  വെളുത്ത മുഖരോമങ്ങളും ചേർന്ന രൂപം, കറുത്ത ബലിഷ്ഠമായ ശരീരം,
മുഖത്ത് നോക്കാൻ പേടി തോന്നും. ഗ്രൗണ്ടിനടുത്തെ അഞ്ചാറു മാവുകളുടെയും കിഴവൻ നായകളുടെയും യജമാനൻ. നാടിന്റെ ഇതിഹാസങ്ങളില ധീരനായകൻ/വില്ലൻ. പല പ്രായത്തിൽ, പല രൂപങ്ങളിൽ ഒരുപാട് പേർ, ചാറൊലിച്ച പഴുത്ത മാങ്ങ പിടിച്ചവർ, ചുനയൊലിച്ച് കലയുള്ള കൈയ്യുള്ളവർ, കനിക്കായതിന്ന് കറുത്ത പല്ലും നാവുമുള്ളവർ, കനി മരപൊത്തിൽ ബാറ്റുംബോളും ഒളിപ്പിച്ചുവച്ചവർ, മരത്തിന്റെ ഉയരങ്ങളിൽ പേരു കോറികിട്ടവർ, പിണങ്ങിയവർ, ഇണങ്ങിയവർ, തല്ലു പിടിച്ചവർ, കളിയാക്കിയവർ, ഇവരെ തിരഞ്ഞു തുടങ്ങുമ്പോഴേക്കും
സൂര്യൻ അസ്തമിച്ചു കഴിഞ്ഞു.

.
ഒരു കാലഘട്ടത്തിന്റെ ഒത്തുചേരലിന്റെ പങ്കുവക്കലുകളുടെ  വൈകുന്നേരങ്ങളാണ് യഥാർത്ഥത്തിൽ  അസ്തമിച്ചിരിക്കുന്നത്. ഉദയത്തിന്റെ അവസാന പ്രതീക്ഷകളും അവസാനിച്ച് കുളം ഇരുണ്ട് ഇല്ലാതെയാകുന്നു. കനികൾ ശോഷിച്ച്, ഇലപൊഴിക്കുന്നു, വിഗ്രഹം നാടുകടക്കുന്നു,
പാമ്പും ചെറുമീനുകളും തവളയും ചലിപ്പിക്കാത്ത  കറുത്ത ഇലയടിഞ്ഞ വെള്ളം കുറച്ചു കാണാം.
രക്ഷാധികാരി ബൈജുവും  ജോർജുമായ് ഞങ്ങൾ ഭൂതകാലം അയവിറക്കി തിരികെ നടക്കുമ്പോൾ
 അടുത്ത കാലത്ത് രണ്ട് സിനിമയുടെ ചെറിയ ലൊക്കേഷൻ ആയി ഗണപതിക്കുളം അതിന്റെ അവസാന ടാസ്കും പൂർത്തിയാക്കിയ മട്ടിൽ കണ്ണിറുക്കുന്നു, സജലമായ അതിന്റെ
ഓർമ്മകളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന  വൈകുന്നേരങ്ങൾ മാത്രം..


Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...