Skip to main content

പുറംകാഴ്ചകൾ | Review | Movie Street

ഈ ബസ് എന്താ ഇത്ര മെല്ലെ പോകുന്നത്?

അത്യാവശ്യ സമയങ്ങളിൽ ബസ്സിൽ യാത്ര ചെയ്യുന്ന ഒട്ടുമിക്കവരും ആത്മരോഷത്തോടെ ആലോചിക്കുന്ന,സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണിത്.
കൃത്യസമയത്ത് കോളേജിലോ സ്ക്കൂളിലോ,ജോലിസ്ഥലങ്ങളിലോ, മറ്റെവിടെയെങ്കിലുമോ എത്താനുള്ള യാത്രകളിൽ; ഏറെ നേരമായ് കാത്തുനിൽക്കുന്ന പ്രിയപ്പെട്ട ഒരാളിലേക്കുള്ള വഴികളിൽ പതിയെ പോകുന്ന ബസ്സിനകം ഭ്രാന്ത് പിടിപ്പിക്കും.
മൂടിന് തീപിടിച്ചതു പോലെയായിരിക്കും ഒരോ നിമിഷവും  സീറ്റിലിരിക്കുന്നത്. ഇടയ്ക്കിടെ കണ്ടക്ടറെയും ഡ്രൈവറേയും മാറി മാറി നോക്കും
 "ഇയാൾക്കൊന്നും ഒരു തിരക്കും ഇല്ലേ?"
"കുറച്ചൂടെ സ്പീഡിൽ പോയാൽ എന്താ?"
ഓരോ സ്റ്റോപ്പിലും ബസ്  നിർത്തുമ്പോഴും  ആളുകൾ കയറി ഇറങ്ങുമ്പോഴും സ്വയം ശപിക്കും"ഏത് സമയത്താണോ ഇതിൽ വലിഞ്ഞ് കേറാൻ തോന്നിയത്!
ബസ്സിലെ തിരക്കുകളോ ഉച്ചത്തിൽ പ്ലേ ചെയ്യുന്ന അടിച്ചുപൊളി / റൊമാന്റിക് / ശോക പാട്ടുകളോ ആ സമയം കേൾക്കില്ല. ശബ്ദകോലാഹലങ്ങളും അവ്യക്തമായ ചില രൂപങ്ങൾക്കും നെഞ്ചിലെ ഭാരത്തിനുമിടയിൽ ലക്ഷ്യസ്ഥാനം മാത്രം തെളിഞ്ഞ് നിൽക്കും.

ഇത്തരം യാത്രകൾക്ക് ശേഷമാണ് അയാൾ നിരന്തരം ഓർമ്മിക്കപ്പെടുന്നത്; "പുറം കാഴ്ചകളിലെ " പേരില്ലാത്ത യാത്രക്കാരിൽ ഒരാൾ. സഹയാത്രികന്റെ തമാശ ആസ്വദിക്കാൻ കഴിയാത്ത കർക്കശക്കാരനായ മനുഷ്യൻ. ഇടയ്ക്കിടെ ബസ്സ് നിർത്തുന്ന ജീവനക്കാരോട് തിരക്കുള്ള ഏത് മനുഷ്യനേക്കാളും വലുതായ് അയാൾക്ക് കലഹിക്കേണ്ടി വരുന്നു,
"ഒരോരുത്തർക്ക് ഓരോ സമയത്ത് ഓരോ സ്ഥലത്ത് എത്താനുള്ളതാ.. "
ഉല്ലാസയാത്രയ്‌ക്കു വരുന്ന യുവാക്കളോട് അയാൾ ഉടക്കി സ്വയം അപഹാസ്യനായ് മാറുന്നു;  യാത്രയിൽ ഒപ്പമുള്ള എല്ലാവർക്കും അയാൾ രസം കൊല്ലിയാകുന്നു. അവർക്കയാളോട് എളുപ്പം  വെറുപ്പ് തോന്നു, പിറുപിറുത്തു കൊണ്ട് അവരിൽ ചിലരത് പ്രകടമാക്കുന്നു. വിദ്വേഷം  കലർന്ന അവരുടെ നോട്ടം അയാളേറ്റു വാങ്ങുന്നു.

ബസ്സിറങ്ങി അയാൾ വീട്ടിലേക്കോടുമ്പോൾ,  അയാൾ  ആൾകൂട്ടത്തിലേക്കോടി കയറുമ്പോൾ അത്യുച്ചത്തിലാകുന്ന  നിലവിളികൾ അവരുടെ ചെവിയിൽ പതിയുമ്പോൾ, ഒടുവിൽ ജീപ്പിനു മുകളിലെ കുഞ്ഞു ശവപ്പെട്ടിയിൽ അവരുടെ കണ്ണുടക്കുമ്പോൾ, അയാൾക്ക് പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ടു എന്ന് അവർ തിരിച്ചറിയുമ്പോൾ,
 ഒരു നിമിഷം മുൻപെങ്കിലും വീട്ടിലെത്താൻ കാണിച്ച
വഗ്രതയായിരിക്കാം അയാൾ ദേഷ്യപ്പെട്ടതെന്ന് ചിലരെങ്കിലും തിരിച്ചറിയുമ്പോൾ, യാത്രയിൽ അയാളുടെ ലക്ഷ്യം ചേതനയറ്റ മകന്റെയോ മകളുടെ ശരീരം ഒരു നോക്കു കാണാൻ ആണെന്നും ഒരു പക്ഷേ മറിച്ചായിരുന്നെങ്കിൽ അയാൾക്കൊപ്പമുള്ള യാത്ര മറ്റൊരു തരത്തിലായേനെ എന്നവരിൽ ചിലരെങ്കിലും ചിന്തിച്ച് കൂട്ടുമ്പോൾ അവരുടെ തിരുത്തലിന്റെ, സഹതാപത്തിന്റെ സജലമായ ഒരു നോട്ടം പോലും വാങ്ങിക്കാതെ അയാൾ തന്റെ ദു:ഖത്തിലേക്ക് കയറി പോകുന്നു.

പുറം കാഴ്ചകളിൽ, കേൾവികളിൽ മനുഷ്യനെ അളക്കുന്നവർക്കും വിധിക്കുന്നവർക്കും അന്യാപദേശമാകുകയാണ് സിനിമ. വർഷങ്ങൾക്ക് ശേഷവും ഓർമ്മകളിൽ അയാൾ നൊമ്പരമായ് മാറുന്നു; നീരസം തോന്നിയവരോട് അങ്ങനെമാത്രം പ്രതികാരം ചെയ്യുന്നു.



പത്ത് മിനുട്ട് ചിത്രത്തിൽ നാല് മിനുട്ട് മാത്രം  താരജാഡകളുടെ, കനത്ത മീശയില്ലാത്ത ആശങ്കയും പ്രതിഷേധവും വിഷാദവും മാറിമറിയുന്ന മുഖഭാവവുമായ് മമ്മുട്ടി. ബസ് യാത്രക്കാരെയും പ്രേക്ഷകനെയും ഒരു പോലെ  മുറിപ്പെടുത്തുന്ന ഇടറിയ സ്വരത്തിൽ മമ്മുട്ടിയെന്ന നടൻ അഭിനയത്തിന്റെ മികവിൽ എത്തുന്ന കാഴ്ച. കഥയുടെ ആത്മാവറിഞ്ഞ ലാൽ ജോസിന്റെ സംവിധാനം. വർഷങ്ങൾക്കു ശേഷവും ബസ്സ് യാത്രകളിൽ അലോസരപ്പെടുത്തുന്ന ഓർമ്മകളിൽ ഒന്നായ് സിനിമ.

പുറം കാഴ്ചകൾ ❣ കേരള കഫെ ❣


Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...