Skip to main content

ദ പീനട്ട് ബട്ടർ ഫാൽക്കൺ | Review

കൂട്ടിന്റെ സിനിമയാണ് പീനട്ട് ബട്ടർ ഫാൽക്കൺ. 22 വയസ്സുള്ള സാക്കിന് ഡൗൺ സിൻഡ്രോം ആണ്. അഗതികളായ വൃദ്ധർക്കായുള്ള ഗവൺമെന്റ് മന്ദിരത്തിലാണ് അവൻ താമസിക്കുന്നത്‌. പ്രൊഫഷണൽ ഗുസ്തിക്കാരനാകുക എന്നതാണ് അവന്റെ ആഗ്രഹം, സാൾട്ട് വാട്ടർ റെഡ് നെക്ക് ആണ് അവന്റെ ആരാധനാമൂർത്തി. അയാളുടെ ഗുസ്തി മത്സരങ്ങൾ കണ്ടുതീർത്തതിൽ, ആവർത്തിച്ചു കാണുന്നതിൽ അവൻ കണക്കുകൾ സൂക്ഷിക്കാറില്ല. ഗുസ്തി പഠിക്കാനും അദ്ധേഹത്തെ കണ്ടുമുട്ടാനുമായും അവൻ അഗതിമന്ദിരത്തിൽ നിന്നും ചാടുന്നു. കാൾ എന്ന വൃദ്ധന്റെ സഹായത്തോടെ ദേഹത്താകെ ക്രീം തേച്ച് വളച്ചു വച്ച കമ്പികൾക്കിടയിലൂടെ സമർത്ഥമായ് തെന്നിയിറങ്ങി സ്വാതന്ത്രത്തിന്റെ ലോകത്തേക്ക് അവൻ ഓടി പോകുന്നു.  നിയോഗം പോലെ സാക്ക് എത്തിച്ചേരുന്നത് മീൻപിടുത്തക്കാരനായ ടൈലറുടെയടുത്താണ്.

 സുന്ദരമായ ഭൂതകാലത്ത് ജീവിക്കുന്ന ടെലറുടെ ജീവിതം തൊഴിലില്ലായ്മ കൊണ്ട് അത്യാവശ്യം കഷ്ടത്തിലാണ്.  പ്രതിഷേധത്തിലും വാശിയിലും ദേഷ്യത്തിലും തനിക്കെതിരായ് നിൽക്കുന്ന ഡങ്കന്റ ജോലി സ്ഥലത്ത് തീയിട്ട് നല്ലൊരു തുകയുടെ നഷ്ടം ഉണ്ടാക്കി രക്ഷപെടാൻ ഒരുങ്ങുന്ന ടൈലറിന്റെ ബോട്ടിലാണ് സാക്ക് ഒളിച്ചിരുന്നത്. ഡങ്കണും കൂട്ടരും പിൻതുടരുമ്പോൾ ടൈലർ ബോട്ട് പറപ്പിക്കുന്നു.
ഡങ്കണിൽ നിന്നും കഷ്ടിച്ച് രക്ഷപെടുന്നതിനിടയിലാണ് ഊഷ്മളമായ അവരുടെ കണ്ടുമുട്ടൽ; സൗഹൃദത്തിനുമതികമായ് കുടുംബമായ് മാറുന്ന യാത്രയുടെ ആരംഭം..

യാത്രയിൽ ഇല്ലാതാകുന്ന ദൂരങ്ങൾ എന്നത്  പുതിയ ഒരു മലയാളം സിനിമയുടെ ടാഗ് ലൈൻ ആണ്. അക്ഷരാർത്ഥത്തിൽ അപരനിൽ നിന്നും സുഹൃത്തിലേക്കും കുടുംബത്തിലേക്കും യാത്രയിൽ ദൂരം ചുരുങ്ങുന്നുവെന്ന് സാക്കിന്റെയും ടൈലറുടെയും യാത്രയും മറ്റു ചില സിനിമയാത്രകളും നിരന്തരം ഓർമ്മിപ്പിക്കുന്നു. അമ്പിളിയെന്ന ചിത്രത്തിലെ അമ്പിളിക്ക് ബോബി കുട്ടനോടും കുടുംബത്തോടുമുള്ള തന്റെ കറകളഞ്ഞ സ്നേഹം തെളിയിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്നുണ്ട്. അപകർഷതാബോധം കൊണ്ട് തന്നിലേക്ക് ചുരുങ്ങുന്ന കൗമാരക്കാരന് ജീവിതം തിരികെ കൊടുക്കുന്നത് മോഷ്ടിച്ചെടുത്ത കാറുമായ് സുഹുത്തുമൊത്ത് നടത്തുന്ന യാത്രയാണ്. Tschik- അവരുടെ യാത്രയെക്കുറിച്ചാണ്.
ചെ യിലെ വിപ്ലവകാരിയെ കണ്ടെത്തുന്നതിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ കടന്നുപോയ യാത്രയും ആൽബ്രട്ടോ ഗ്രാനാഡയെന്ന കൂട്ടിനും തുല്യ അവകാശമുന്നയിക്കാമെന്ന് മോട്ടോർ സൈക്കിൾ ഡയറീസും, പ്രണയം തേടിയുള്ള കാസിയുടെ യാത്രയിൽ സുനി കൂടിയെത്തുമ്പോൾ യാത്ര കരുതലാകുമെന്ന് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയും ഓർമിപ്പിക്കുന്നു.

തനിക്ക് ഡൗൺസിൻഡ്രോം ആണ് അത് കൊണ്ട് ചില കാര്യങ്ങൾ ഒന്നും ചെയ്യാനാകില്ല എന്ന് സാക്ക് ആദ്യമേ പറയുന്നുണ്ട്. നീ കരുത്തനാണ്, ശരീരത്തിന്റെ കരുത്താണ് നിന്റെ ബലമെന്ന് ടൈലർ ഓർമിപ്പിക്കുന്നു. സാക്കിനെ ജീവിതം പഠിപ്പിക്കുകയല്ല ടൈലറുടെ ലക്ഷ്യം, അവർ ഒരുമിച്ച് യാത്ര ആഘോഷിക്കുകയാണ്. മനോഹര പ്രകൃതിയെ അറിഞ്ഞ്, ചങ്ങാടം കെട്ടി, തുഴഞ്ഞ്, മീൻ പിടിച്ച്,  മുന്നോട്ട് നീങ്ങുന്നു.
 ടൈലർ പ്രായോഗിക അറിവുകൾ സാക്കിന് പകരുമ്പോൾ ഓർമ്മകളിൽ തളരുന്ന  ടൈലറിന് ചാരിയിരിക്കാൻ തോളു കൊടുക്കുന്നു സാക്ക്. സാക്കിനെ തേടി മന്ദിരത്തിലെ ജീവനക്കാരി എലനോർ എത്തുന്നു, ഒരു തരത്തിൽ അവളും തനിച്ചാണ്. തുടർന്നുള്ള യാത്ര മൂന്ന് പേരും ഒരുമിച്ചാണ്.സാക്കിന്റെ പ്രിയപ്പെട്ട സാൾട്ട് വാട്ടർ റെഡ് നെക്കിനെ കണ്ടെത്താൻ ഒരുമിക്കുന്ന യാത്ര മൂന്നു പേരുടെയും ജീവിതം മാറ്റിമറിയ്ക്കുന്നു.


 Togo, Little forest, Teachers diary, Be with You, Heid- പോലെ  മനോഹര പ്രകൃതിയും ഹൃദ്യമായ സംഗീതവും കൊണ്ട് മനസ്സുനിറയ്ക്കുന്ന; കവിത പോലൊരു സിനിമ അനുഭവം. അരികു വൽക്കരിക്കാത്ത ചേർത്തു നിർത്തലിന്റെ ആഘോഷം. ഏകാന്ത യാത്രകളിൽ ഒപ്പം നടക്കുകയെന്നതിലും വലിയ നീതിയൊന്നും മനുഷ്യന് മനുഷ്യനോട് ചെയ്യാനില്ലയെന്ന് അടിവരയിടുന്ന സിനിമ നിങ്ങളുടെ മനസ്സുനിറയ്ക്കും തീർച്ച.❤️

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...