Skip to main content

വിഷാദത്തിന്റെ പിടിയിൽ

2012 മുതൽ ഞാൻ വിഷാദത്തിന്റെ പിടിയിലായിരുന്നു. ഇത് എട്ടുമാസം നീണ്ടുനിന്നു. ഇതിന്റെ വേദനയും സ്ട്രസും വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു ദിവസം ചെവിവേദനയും എന്തൊക്കെയോ അസ്വസ്ഥതകളുമായാണ് വിഷാദം എന്നിലേക്കെത്തിയത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല. അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക. ജീവിക്കുന്നത് എന്തിനു വേണ്ടിയെന്നും ചിന്തിക്കും, ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കില്ല.
പല്ലു തേയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യാൻവരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനെല്ലാം ഒരുപാട് ഊർജം ആവശ്യമാണെന്നു തോന്നും.
 ഓരോ ദിവസവും ഉണരാൻ പോലും ഞാൻ ഭയന്നു, കാരണം ആ ദിവസത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു തന്നെ. ഉറക്കം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന രക്ഷപ്പെടൽ. ആൾക്കൂട്ടത്തിൽ നിൽക്കാൻ ഭയമായിരുന്നു.

ഇന്ത്യയിൽ വിഷാദരോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരും സഹായം തേടുന്നില്ല. വിഷാദരോഗമുള്ളവർക്ക് വേണ്ടത് പ്രഫഷനൽ സഹായമാണ്. വിഷാദം ഒരു രോഗമാണെന്നു തിരിച്ചറിയുകയും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്താൽത്തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കിതു പറയാനാകും. ഇതൊരു രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞു ചികിത്സ തേടണം.
 വിഷാദ രോഗത്തെ നേരിട്ടതിന്റെയും അതിജീവിച്ചതിന്റെയും വഴികൾ ദീപിക പദുക്കോൺ മുൻപ് പങ്കുവച്ചതാണിത്.

ഏകദേശം അഞ്ച് വർഷങ്ങൾക്കു മുൻപ്   അമീർ ഖാന്റെ വന്ദേമാതരം പരിപാടിയിലെ എപ്പിസോഡുകളിലൊന്ന് ഈ പ്രശ്നത്തെ സെൻസിബിളായ് അടയാളപ്പെടുത്തിയിരുന്നു.  മാനസ്സിക രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ദുഷ്കീർത്തികളും, ക്ലാസ്സ് പ്രതിസന്ധികളും മതങ്ങളുടെ ഇടപെടലുകളും തുടങ്ങി നിരവധി തുറന്നു പറച്ചിലുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ  ശ്രദ്ധേയമായിരുന്നു പരിപാടി. ഇത്തരം മുന്നേറ്റങ്ങൾ പിന്നീട് വിരളമായാണുണ്ടായത്.


മനസ്സിനെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ ഇനിയും കൃത്യമായ്  അഡ്രസ്സ് ചെയ്യപ്പെടാത്തയിടത്താണ് നമ്മൾ ജീവിക്കുന്നത്.

മന:സംബന്ധിയായ രോഗങ്ങൾക്ക് ചികിത്സ തേടുന്നത് അന്നും ഇന്നും കളിയാക്കപ്പെടാനുള്ള കാരണമാണ്. മണിചിത്രത്താഴിലെ കാട്ടുപറമ്പന്റ മാനസ്സിക പ്രതിസന്ധികളെ  അപഹസിച്ച മനശാസ്ത്രജ്ഞനും അതു കണ്ടു ചിരിച്ച മലയാളിക്കും കാലം കഴിഞ്ഞിട്ടും ഒരു മാറ്റവും വന്നിട്ടില്ല. ഭീകരമായ ഇത്തരം കളിയാക്കലുകൾ പല തവണ പൊളിച്ചെഴുതിയതും, തെറ്റു ചൂണ്ടിക്കാട്ടിയതുമാണ്. കുമ്പളങ്ങിയിലെ സജി പ്രശ്നം തുറന്നു പറയുന്നതും  ഡോക്ടറുടെ സഹായം തേടുന്നതും പൊട്ടിക്കരയുന്നതുമെല്ലാം വലിയ കാര്യം തന്നെയാണ്. എങ്കിലും ശേഷം വന്ന 'വരനെ ആവശ്യമുണ്ട് " ചിത്രത്തിലെ സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണൻ ഒളിഞ്ഞും മറഞ്ഞും ഡോക്ടറെ കാണാൻ എത്തുന്നതും,  താൻ എന്തോ വലിയ അപരാദം ചെയ്യ്ത മട്ടിൽ അത് ഒളിക്കാൻ ശ്രമിക്കുന്നതും, വീണ്ടും പൊട്ടിച്ചിരിപ്പിച്ചത് സമൂഹത്തിൽ വേരുറച്ചുപോയ ചിന്തകൾക്ക്  യാതൊരു ഇളക്കവും  വരുത്താൻ കഴിഞ്ഞ കാലഘട്ടത്തിനു കഴിയാത്തത് കൊണ്ടാണ്.

ഏതു  പ്രശ്നമായാലും  അനുഭവിക്കാത്തവർക്ക്‌ അത് കേവലം  കളിതമാശകളും കാല്പനിക കവിതകൾകുള്ള വിഷയവും മാത്രമാണ്. ഡിപ്രഷനിലൂടെയാണ്  കടന്ന് പോകുന്നത്തെന്ന്  തിരിച്ചറിയാൻ പോലുമാകാത്ത  എത്രയോ ആളുകൾ ചുറ്റുമുണ്ട്, തിരിച്ചറിഞ്ഞവരിൽ പലരും ഇതൊക്കെ തുറന്ന് പറയാൻ മടിക്കുന്നത്‌  അപക്വമായ്, കളിയാക്കാനായ്  നോക്കിയിരിക്കുന്ന ഒരു സമൂഹത്തിന് മുൻപിൽ സ്വയം അപഹാസ്യരാകാതിരിക്കാൻ മാത്രമാണ്. രോഗം തിരിച്ചറിഞ്ഞിട്ടും  സഹായം തേടാത്ത 90 ശതമാനം ആളുകളെ സൃഷ്ടിച്ചെടുത്തത് നമ്മുടെ സമൂഹമാണ്,
 മാനസ്സിക പ്രശ്നങ്ങളെയെല്ലാം വട്ട് / ഭ്രാന്ത് എന്ന കോലിൽ മാത്രം  അളക്കാൻ അറിയുന്നവർ.

ദീപിക പദുക്കോണിനെ പോലെ, എഫ്ബിയിൽ  വരുന്ന നിരവധി എഴുത്തുകൾ പോലെ,  തുറന്നു പറച്ചിലുകൾക്കുള്ള ഏറ്റവും നല്ല അവസരമാണിത്. ഏറെ മാറേണ്ടിയിരിക്കുന്നു. ഒപ്പം  വിഷാദ രോഗമായ് ഓരോ മനുഷ്യർ  ഇല്ലാതാകുമ്പോഴും ആ കാട്ടുപറമ്പനെ അങ്ങനെയാക്കിയ സണ്ണിയാണ് നമ്മൾ എന്നുകൂടി ഓർത്തിരിക്കാം.

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...