Skip to main content

സൈബർ സംസ്കാരം - Fb Post May 15

സരയുവിലെ 'കുലസ്ത്രീയെ' കണ്ടെത്തി മലയാളി ആഘോഷിച്ച് പൊട്ടിച്ചിരിച്ചിട്ട് ദിവസങ്ങൾ കുറച്ചേ ആയിട്ടുള്ളൂ. കാലങ്ങൾക്കു മുൻപ് ചെയ്യ്ത വീഡിയോ ആണിതെന്നും ഇപ്പോൾ കാഴ്ചപ്പാടുകൾ ഏറെ മാറിയെന്നും പറഞ്ഞ്, രണ്ടു തവണയാണ് അവർ എഴുതിയത്, ആക്ഷേപങ്ങളുടെ ആയിരത്തിലെന്ന് റീച്ച് മറുപടിക്ക് കിട്ടിയില്ലെന്നു മാത്രവുമല്ല, തിരുത്തുകൾ കേൾക്കാതെ അടുത്ത എല്ലും കഷ്ണത്തിന് പിന്നാലെ ഓടുകയാണ് സാമൂഹ്യമാധ്യമങ്ങൾ. മറുപടിക്ക്  ചെവികൊടുത്താതെയുള്ള ഏകപക്ഷീയ വലിച്ചു കീറലുകളിൽ  ഭൂലോകസ്ത്രീവിരുദ്ധനും അശാസ്ത്രീയ  അബദ്ധങ്ങളുടെയും അർധസത്യങ്ങളുടെയും പ്രചാരകനായ രജിത് കുമാറിനോട്  താരതമ്യപ്പെടുത്തലും കാണാം.

മാറിയ കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞിട്ടും കാലകലങ്ങളായ് വിഷലിപ്തമായ നിലപാടുകളിൽ യാതൊരു തിരുത്തലുകളും വരുത്താത്ത രജിതിനൊപ്പം പ്ലേസ് ചെയ്ത് ശിക്ഷക്കുന്ന ഓൺലൈൻ മലയാളി അപലപിക്കാൻ തയ്യാറാകുന്നില്ല.
മനുഷ്യൻ ജീവൻ രക്ഷയ്ക്കായ് കരുതലെടുക്കുന്ന കോവിഡ് കാലത്തും സകലസുരക്ഷ മാർഗ്ഗങ്ങളും കടന്ന് സ്ത്രീയെ അക്രമിച്ച് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ഇയാളെ കാണാൻ തടിച്ചുകൂടിയവർ അനേകമാണ്. അങ്ങേയറ്റം ടോക്സിക്കായ രജിത് വചനങ്ങൾ ബിജിഎം ചേർത്ത് യഥാവിധി സൂപ്പർ രക്ഷകൻ നിർമ്മിതി നടത്തിയത് സോഷ്യൽ മീഡിയയാണ്.നിർമ്മിതിയുടെ ഔട്ട്പുട്ടായിരുന്ന സ്ഥലകാല ബോധമില്ലാത്ത ആ കൂട്ടം മോഹൻലാലിന്റെ ഫെസ്ബുക്ക് പേജിൽ ഒരാഴ്ച നീണ്ടു നിന്ന പൊങ്കാലയ്ക്ക് ശേഷമാണ് പൊടിക്ക് ഒതുക്കിയത്.

അപകടകരമായ ഇത്തരം സൈബർ സംഘടിക്കലുകളുടെ  ഓർത്തിരിക്കുന്ന തുടക്കങ്ങളിലൊന്ന് സച്ചിനെയറിയാത്ത ഷറപ്പോവയെ മലയാളികൾ പൊങ്കാലയിട്ടതാണ്. ഒത്തുചേർന്ന സൈബർ തെറിവിളി ആനന്ദം, പേര് മാറി മറിഞ്ഞ് പലകാലം പലർ അറിഞ്ഞു.കൊച്ചി മെട്രോയിലെ പാമ്പെന്നു വിളിച്ച് കേൾവി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത എൽദോയെന്ന യുവാവ് സൈബർ പരസ്യ വിചാരണ നേരിട്ട, സംഭവം മുറിവാകുന്നു. വികൃതി സിനിമയ്ക്ക് ആധാരമായ ഈ സംഭവം കയറെടുക്കാൻ ഓടുന്ന സൈബർ പോരാളികളുടെ ക്ലാസിക് ഉദാഹരണമാണ്. നിലപാടുകൾ തുറന്നു പറഞ്ഞ പാർവ്വതിക്ക് നേരിടെണ്ടിവന്ന വെർബൽ അബ്യൂസുകൾക്കും സൾട്ട് ഷെയിമിംഗും കടന്ന് സിനിമയും  പാട്ടുംവരെ  ഡിഗ്രേഡ് ചെയ്യുന്നിടത്തെത്തുന്നു.
"സിനിമയിൽ അവസരങ്ങൾ കുറവാണോ.. ഇനി ബിക്കിനേയെ ബാക്കിയുള്ളോ..?"
ലോക്ഡൗൺ കാലത്ത് വ്യക്തിഹത്യയും അധിക്ഷേപവും അനുശ്രീ നേരിട്ടത് ഒരു എഫ്ബി ചിത്രം കൊണ്ടാണ്.  പ്രിയാ വാര്യരും മഡോണയും ആയിരുന്നു മുൻപ് അപഹാസ്യരായവർ.


രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞ മധുപാലിനുനേരെ എത്തിയത് കൊലവിളിക്കായിരുന്നു. സംഘടിതമായ് വർഗ്ഗീയ പ്രസ്ഥാനങ്ങളുടെ ഓൺലൈൻ അക്രമണം അടൂർ ഗോപാലകൃഷ്ണനിലും ഒടുവിൽ ലിജോ ജോസ് പെല്ലിശേരിയിലുമെത്തി നിൽക്കുന്നു.

കോളനിവാണ അധിക്ഷേപങ്ങളിലൊക്കെയും മുഴച്ചു നിൽക്കുന്നതും മേൽ സൈബർ വെട്ടുകിളി അക്രമരാഷ്ട്രീയമാണ്. സോഷ്യൽ മീഡിയയിലെ സേഫ്റ്റി വാൽവുകൾ ആകേണ്ട രഹസ്യ സ്വഭാവമുള്ള ഗ്രൂപ്പുകൾ കാലക്രമത്തിൽ സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങൾ ആകുമ്പോൾ സൈബർ വേട്ടക്കാർക്ക്  ട്രയിനിംഗ് ലഭിക്കുന്നു. സീരീസുകൾ മലയാളം സബ്ടൈറ്റിൽ ഇട്ടുകാണുന്നവരടങ്ങുന്ന  കോളനി വാണങ്ങൾ ഉണ്ടാക്കപ്പെടുന്നു. കല എലൈറ്റ് ക്ലാസ്സിന്റ കുത്തകയാണെന്ന പ്രാകൃതബോ‌ധത്തിന്റെ പുത്തൻവേർഷനുകൾ നിരന്തരമായ് കണ്ടും കേട്ടും ശീലമാക്കുന്നു.

ദളിതർ,സ്ത്രീകൾ, പൊതുബോധങ്ങൾക്ക് പുറത്തു നിൽക്കുന്നവർ, ലൈംഗീകത തുറന്നു പറയുന്നവർ,പരിസ്ഥിതി പ്രവർത്തകർ, ലൈംഗീക ന്യൂനപക്ഷങ്ങൾ,  എന്നിങ്ങനെ പുരുഷാധിപത്യ,ജാതിവ്യവസ്ഥ,ചൂഷണ പ്രത്യേയശാസ്ത്രങ്ങൾക്കെതിരെ നിലപാടെടുക്കുന്നവരെയെല്ലാം ആക്രമിക്കുന്ന ഒന്നായി മാറിയിരിക്കുന്നു, നമ്മുടെ സൈബർ ലിഞ്ചിംഗ് സംസ്കാരം.

വൈറൽ അർജുവിന്റെ ടിക് ടോക് റിയാക്ഷൻ വീഡിയോ എണ്ണയൊഴിച്ച് കൊടുക്കുന്നതും ചിലപ്പോഴൊക്കെ മേൽപ്പറഞ്ഞ സൈബർ വെട്ടുകിളികൂട്ടങ്ങൾക്കാണ്. കാമുകി പോയെന്ന് പറഞ്ഞ് കൈ മുറിച്ച് വീഡിയോ ചെയ്യുന്ന, അവളെ മറക്കാൻ കഴിയില്ലയെന്നും  അവൾ പോയാൽ ഒരു തേങ്ങയുമില്ലെന്നും ഒരുപോലെ പറഞ്ഞ്‌ കരയുന്നവരും,  ഇരട്ടത്താപ്പൻ അങ്ങളമാരുടെയും പാരലൽ വേൾഡുകളിലെ ജീവിതം ഹാസ്യം അർഹിക്കുന്നുണ്ട്. മറിച്ച്  കാതുകുത്തലും മുടിയുടെ നിറവും കൈയ്യിലെ ചരടും പലകളർ കുറിക്കും കോളനിയെ തിരിച്ചറിയാനുള്ള അടയാളങ്ങളാണ് പ്രചരിക്കുന്നയിടത്ത്, കോളനിയെന്നത് കളിയാക്കാനും  അപരവത്കരിക്കാനും ഉപയോഗിക്കുന്ന കാലത്ത്  ഇന്റൻഷൻ ഇല്ലാതെ ആവർത്തിക്കപ്പെട്ടതാണെങ്കിലും മൂന്നാം വീഡിയോയിലെ ചേഷ്ടകൾ മുന്നോട്ട് വയ്ക്കുന്ന   ആക്ഷേപം തിരിച്ചറിയേണ്ടതുണ്ട്, മനപൂർവം അല്ലാതെ വന്നതെങ്കിൽ ശ്രദ്ധിക്കാൻ   ഉത്തരവാദിത്വം ഉണ്ട്.  നിർദോഷങ്ങളായ് കരുതുന്ന തമാശകളിൽ ഒളിഞ്ഞിരിക്കുന്ന അപരവിദ്വേഷത്തിന്റെ കണികകൾ  തിരിച്ചറിയാതെ പോകരുത്. സൈബർ ആക്രമണത്തിനായ് ഒരുങ്ങിയിരിക്കുന്നവർക്ക്  ഇന്ധനം  ആകാതിരിക്കാൻ അല്പം ആലോചികുന്നിടത്തുനിന്നും മാറ്റം തുടങ്ങാം.

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...