മലയാളത്തിലെ ആദ്യത്തെ OTT റിലീസ് ആയതു കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സൂഫിയും സുജാതയും എന്നാണ് തോന്നിയത്.
പത്തിലധികം പുതിയ സംവിധായകരെ പരിചയപ്പെടുത്തിയ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നാണ് സിനിമയും വരുന്നതെന്നത് കൊണ്ട് തീർച്ചയായും പ്രതീക്ഷയുടെ അമിതഭാരം ഉണ്ടായിരുന്നു. സിനിമയുടെ സൗന്ദര്യത്തിനപ്പുറം
സിനിമ ഇറങ്ങും മുൻപുണ്ടായ പ്രതിസന്ധികളെയും വിവാദങ്ങളെയും കൃത്യമായ് മാർക്കറ്റ് ചെയ്യ്ത, പുതിയ ചലച്ചിത്രകാർക്ക് മാർക്കറ്റിങ്ങിന്റെ ഒരു പാഠപുസ്തകം കൂടിയാണ് വിജയ് ബാബുവിന്റെ സൂഫിയും സുജാതയും.
സൂഫിയുടെയും സുജാതയുടെയും പ്രണയം കൃത്യമായ് ഡവലപ് ചെയ്യാൻ സംവിധായകന് കഴിഞ്ഞതായ് തോന്നിയിട്ടില്ല. നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമത്തിലെ നൻമയുടെ നിറകുടമായ, സൈക്കിളോടിച്ച് നടക്കുന്ന മൂകയായ പെൺകുട്ടി. കാലാകാലങ്ങളായ് മലയാളത്തിൽ കണ്ടുവരുന്ന "ദിവ്യപ്രണയ " ഫോർമുലകൾക്കുള്ളിൽ പെൺകുട്ടി തളച്ചിടപ്പെട്ടു എന്നതിനപ്പുറം സിനിമ കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല. നിറഞ്ഞു നിൽക്കുന്ന നാടകീയത കഥാസന്ദർഭങ്ങളെയും സവിശേഷമായ് ചില രംഗങ്ങളേയും വികലമാക്കുന്നുണ്ട്.(മകൾ പ്രണയിക്കുന്നയാൾക്കൊപ്പം ഇറങ്ങിപ്പോകാൻ തുനിയുമ്പോൾ അച്ഛന്റെ നെഞ്ചത്തടി രംഗം എടുത്തു നോക്കുക.)
ക്ലൈമാക്സിലേക്ക് നയിക്കുന്ന രംഗത്തെയെല്ലാം അപക്വമായ് സമീപിച്ചിരിക്കുന്നതായ് തോന്നി. മതവും പ്രണയവുമെന്ന നമ്മുടെ നാട്ടിൽ എക്കാലത്തും പ്രസക്തമായ കഥാപരിസരത്തിൽ അവിടെയും ഇവിടെയും തൊടാതെ ഒരുതരം സേഫ് സോൺ പൊളിടിക്സാണ് സിനിമ പറയുന്നത്.
കെട്ടുറപ്പുള്ള തിരക്കഥയില്ലെങ്കിലും സിനിമയെ പരിധിവരെ രക്ഷിക്കുന്നത് സംഗീതവും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ്. കഥയ്ക്ക് നിലനിൽക്കാൻ കഴിയുന്ന മാജിക്കലായ പശ്ചാത്തലം ഒരുക്കാൻ ആർട്ടിനും കഴിഞ്ഞിട്ടുണ്ട്.
സുധീപ് പാലനാട് സംഗീതം ചെയ്യ്ത് ബി.കെ ഹരിനാരായണൻ വരികളെഴുതി, സുധീപ് പലനാടും അമ്യത സുരേഷും പാടിയ അൽഹംദുലില്ലാഹ് എന്ന ഗാനമാണ് കൂടുതൽ ഇഷ്ടം. റൂമിയുടെ വരികൾ പോലെ പ്രണയത്തിന്റെ ഉയരങ്ങളിലേക്കും താഴ്ചയിലേക്കും കൊണ്ടു പോകുന്ന ഗാനമാണ്.

Comments
Post a Comment