Skip to main content

പാലക്കാട് പിടിയാന ചരിഞ്ഞ സംഭവം

പാലക്കാട് പിടിയാന ചരിഞ്ഞ സംഭവത്തിൽ പ്രകോപന പ്രസ്താവനയുമായ് എത്തിയ മേനക ഗാന്ധിയും ഓൺലൈനിൽ അപലപിച്ചു മെഴുകിയ മൃഗസനേഹികളും വയനാട്ടിൽ യുവാവിനെ കടുവ കടിച്ച് കൊന്നതറിഞ്ഞ് ഇരുപത്തിനാല് മണിക്കൂറായിട്ടും എന്തേ വായ തുറക്കുന്നില്ല ?

പുൽപ്പള്ളി കാര്യം ബസവൻകൊല്ലി കോളനിലെ ശിവകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുമ്പോൾ  തലയും കാൽപാദവും കൈപ്പത്തിയും ഒഴികെയുള്ള ഭാഗങ്ങൾ കടുവ ഭക്ഷിച്ചിരുന്നു (ചിത്രം ഷെയർ ചെയ്യാൻ മനക്കട്ടിയില്ല).  ആന ചരിഞ്ഞ - ന്യായീകരണം അർഹിക്കാത്ത - സംഭവത്തിൽ കവിത / കഥ /കാർട്ടൂൺ മുതൽ അനയോശാചന യോഗം വരെ കൂടിയവർ പാവപ്പെട്ട യുവാവ്  കടുവയുടെ അകമണത്തിൽ  ഇല്ലാതായപ്പോൾ എന്തേ അപലപിക്കാത്തതെന്ന് കൊല്ലപ്പെട്ടയാളുടെ  കുടുംബത്തോട് ചേർന്ന് നിന്ന്  വയനാട്ടിലെ കർഷകർ ഒന്നടങ്കം ചോദിക്കുകയാണ്.


എലൈറ്റ്  പരിസ്ഥിതിവാദികളുടെയും ബുദ്ധിജീവികളുടെയും സെലക്ടീവ് കണ്ണിൽ പാവപ്പെട്ടവൻ കൊല്ലപ്പെട്ടത് വാല്യൂ  ഇല്ലാത്ത ന്യൂസാണെന്നും സ്വഭാവികമാണെന്നുമറിയാം, പ്രതികരിക്കാൻ മിനിമം ആനയെങ്കിലും വേണമെന്നുമറിയാം.
എങ്കിലും ആന ചരിഞ്ഞ സംഭവത്തിൽ ജനറലൈസ് ചെയ്യ്ത് ഏകപക്ഷീയമായ് നിങ്ങൾ പ്രതിക്കൂട്ടിൽ നിർത്തിയ 'പടക്കം വച്ച,  കണ്ണിൽ ചോരയില്ലാത്ത മൃഗത്തിൽ' പെടുന്ന വയനാട്ടിലെയടക്കം കർഷകർക്കും സാധാരണക്കാർക്കും വേണ്ടിയാണിത് എഴുതുന്നത്.


 വയനാട് ജില്ലയിലെ ഭൂരിഭാഗം വരുന്ന മനുഷ്യരുടെ ഉപജീവന മാർഗ്ഗം കൃഷിയാണ്. കാലാവസ്ഥ മാറ്റമുണ്ടാക്കിയ പ്രതിസന്ധികൾ തരണം ചെയ്താണ് ഓരോ തവണയും കൃഷിയിറക്കുന്നത്. അനേകം പേരുടെ ശരീരിക അധ്വാനവും സമയവും കാത്തിരിപ്പും വേണ്ടിവരുന്ന ഓരോ കൃഷിയും ഒറ്റ വരവുകൊണ്ട്  വന്യമൃഗത്തിന് ഇല്ലാതാക്കാൻ കഴിയും. കടബാധ്യതകളുടെ നടുവിൽ നിൽക്കുന്നവരെ
കടുത്ത നിരാശയാലേക്കും പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും വരെ ഇത് കൊണ്ടെത്തിക്കുമെന്നു  പറഞ്ഞാൽ അതിൽ അതിശയോക്തി തെല്ലുമില്ല.

കാട്ടാന / കടുവയ്ക്ക് പുറമേ, കാട്ടുപന്നി, കാട്ടി, പുലി, കരടി, കുരങ്ങ് തുടങ്ങിയ ജീവികളിൽ നിന്നും ഓരോ കർഷകനും ജീവനും സ്വത്തും കൃഷിയും സംരക്ഷിക്കേണ്ടത്. വന്യമൃഗങ്ങൾ ജീവനെടുക്കും  പോലെ തന്നെയാണ് ജീവൻ കൊടുത്തുണ്ടാക്കുന്ന കൃഷി  ഇല്ലാതാക്കുന്നതും. നിസ്സാരമായ് തോന്നാവുന്ന കാട്ടുപന്നിയുടെ കാര്യമെടുത്താൽ തന്നെ അവയുണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതാണ്. വലയിട്ടാലും സാരി / തുണികൊണ്ട് വേലി കെട്ടിയാലും
 ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി മണ്ണിൽ കുഴിച്ചിട്ടതൊന്നും  കാട്ടുപന്നി അവശേഷിപ്പിക്കില്ല. പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റവരും മരണപെട്ടവരുമുണ്ടെന്ന് പറഞ്ഞാൽ പലർക്കും തമാശയായ്  തോന്നും.
കാണുമ്പോൾ കൗതുകവും  ഭംഗിയും തോന്നുന്ന മാനും മയിലും കൃഷിയിടങ്ങളിൽ ഉണ്ടാക്കി വയ്ക്കുന്ന നാശനഷ്ടങ്ങൾ പോലും അതിഭീകരമാണ്.

തുടരെയുള്ള വന്യമൃഗശല്യവും അക്രമണങ്ങളും കൊണ്ട് കൃഷിയിറക്കാത തരിശായ് കിടക്കുന്ന ഭൂമി വളരെയധികമാണ്.  കാർഷിക വിളകളുടെ വിലയിടിവും, വിളകളിലെ വ്യാപക രോഗങ്ങളും കൂടിയാകുന്നേൾ കർഷകന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാകുകയാണ്.

 വന്യമൃഗങ്ങളുടെ അക്രമണത്തിൽ വളർത്തു മൃഗങ്ങൾ ഇല്ലാതാകുന്നത് നിത്യസംഭവമാണ്. കുടുംബം പോറ്റി പോകാനുള്ള ഏകവരുമാന മാർഗ്ഗമാണ് പലർക്കും ഈ മൃഗങ്ങൾ. പശു / അട് ഇല്ലാതാകുമ്പോൾ അരുമകളുടെ വിയോഗമുണ്ടാക്കുന്ന മാനസ്സിക ക്ലേശത്തിനൊപ്പം തുച്ഛമായ  നഷ്ടപരിഹാരത്തുക ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറിയ കുടുംബൾക്ക് താങ്ങാവു ന്നതിലുമധികമാണ്.  കൃഷിനാശത്തിന് നൽകുന്ന  നഷ്ടപരിഹാരത്തുകയുടെ കാര്യവും കഷ്ടമാണ്.വാഴയ്ക്കും തെങ്ങിനും വലിയ ചിലവ് വരുന്ന നെൽകൃഷിയ്ക്കും ലഭിക്കുന്ന നഷ്ട പരിഹാരം തുലോം തുഛമാണ്. അതിന് വേണ്ടി വളരെയധികം കാത്തിരിക്കേണ്ട സ്ഥിതിയുമുണ്ട്.

പത്തു വർഷത്തിൽ വന്യമൃഗങ്ങൾ അക്രമിക്കപെടുന്നവരുടെയും കൊല്ലുന്നവരുടെയും എണ്ണം ഇരട്ടിയോളം വർധിച്ചുവെന്നാണ് കണക്ക്. ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ വന്ന് അക്രമിക്കുന്നതിന്റെ  എണ്ണത്തിലും ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വനം വന്യജീവി വകുപ്പിന്റെ കണക്കു പ്രകാരം ഈ അക്രമണങ്ങൾ കൊണ്ട് സംസ്ഥാനത്ത് ഏറ്റവും നാശനഷ്ടവും കൃഷി നാശവും ഉണ്ടായത് വയനാട് ഡിവിഷനിലാണ്. വന്യമൃഗ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതും വയനാട് ജില്ലയിലാണ്. 35 വർഷത്തിനിടയിൽ വടക്കേവയനാട്ടിൽ മാത്രം എൺപതിലധികം പേരാണ് കൊല്ലപ്പെട്ടത്. എൺപതുപേരും തിരുനെല്ലി പഞ്ചായത്തിലുമാണ്. മരണങ്ങളുടെ മൂന്നിരട്ടിയോളം വരും ഇവിടെ മാത്രം പരുക്കേറ്റവരുടെ കണക്ക്.

പട്ടാപ്പകൽവരെ ആനയുടെ അക്രമം പ്രതീക്ഷിച്ച് കുട്ടികളെ സ്ക്കൂളിൽ അയക്കാൻ പേടിക്കുന്ന മാതാപിതാക്കളും.  സ്ക്കൂളിലയച്ച കുട്ടികളെ തിരികെയെത്തിക്കാൻ പ്രയാസപ്പെടുന്നവരുമുണ്ട്. പകൽ ടൗണിലൂടെ കാട്ടാന നടന്ന് ഭീതി പടർത്തിയതുമൊന്നും ഒറ്റപെട്ട സംഭവമേയല്ല. വനത്തോടു ചേർന്നും ഉള്ളിലും താമസിക്കുന്നവരുടെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്.

കൃത്യമായ ഫെൻസിങ്ങും കിടങ്ങുകളും ഇല്ലാത്തതും. സ്വാഭാവിക വനത്തെ ഇല്ലാതാക്കിയ വനവൽക്കരണവും;ആകെ വനഭൂമിയുടെ വലിയ ശതമാനവും തേക്കും യൂക്കാലി തോട്ടങ്ങളായ് മാറിയതും, പാറക്കെട്ടുകളും മൊട്ടക്കുന്നും കഴിഞ്ഞ് മൃഗങ്ങൾക്ക് അതിവസിക്കാൻ സുരക്ഷിതമായ സ്വാഭാവിക വനഭൂമി വളരെക്കുറയുന്നതും മൃഗങ്ങളുടെ കാടിറക്കത്തിനും, ഈ  കോൺഫിക്ട് ഇത്രത്തോളം രൂക്ഷമാക്കുന്നതിനും കാരണമാകുന്നുണ്ട്.


 പറഞ്ഞു വരുന്ന്, സേഫ് സോണിലിരുന്ന് കപടമൃഗ സ്നേഹം വിളമ്പുന്നവരോടാണ്. അതിജീവിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സംഭവിക്കുന്ന കൈപ്പിഴയുടെ കുറ്റം മുഴുവൻ കർഷകർക്കു മേലെ ചൊരിയുന്നവരോട്,  ഇത്ര പ്രതിസന്ധികൾ സഹിച്ചും വീണ്ടും ഇവർ  കൃഷിയിറക്കുന്നത് അവർക്ക് വേണ്ടി മാത്രമല്ലെന്ന  തിരിച്ചറിവ് ആദ്യമുണ്ടാകണം. കർഷകരെ കടന്നാക്രമിച്ച പരിസ്ഥിതി / മൃഗസ്നേഹികളുടെ ശ്രദ്ധ ഈ പാവം  മനുഷ്യരും അർഹിക്കുന്നുണ്ട്. ഇത്തരം  മരണവും  ചർച്ചയാകേണ്ടതും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ ഉണ്ടാകേണ്ടതുമാണ്. നിങ്ങളുടെ മൗനം നിങ്ങളെ ഊട്ടുന്ന ജനതയോട് ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ ക്രൂരതയാണ്.  


  ജീവിതം കരുപ്പിടിക്കാൻ കിണഞ്ഞു  ശ്രമിക്കുന്ന മനുഷ്യരെ താറടിച്ചുകാണിച്ചത് കഴിഞ്ഞു; ഇനി അപകടകരമായ   നിശബ്ദത കൊണ്ടും  വീണ്ടും  തോൽപ്പിക്കാതിരിക്കുക..

Comments

Popular posts from this blog

നമ്മെ വിഴുങ്ങുന്ന മൗനം

മൗനം പ്രപഞ്ചത്തിന്റെ ഭാഷയാണ്. ചില സന്ദർഭങ്ങളിൽ മൗനം ശക്തിയേറിയതാണ് ചിലപ്പോൾ സുന്ദരവും. പക്ഷേ മറ്റു ചിലപ്പോൾ അത് സഹിക്കാനാവാത്ത വൈരൂപ്യവുമാണ്. മികച്ച  അഭിനയത്തിനുള്ള  ദേശീയ  ചലച്ചിത്ര പുരസ്ക്കാര  ജേതാവും  വിവിധ   ഇന്ത്യൻ ഭാഷാ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ കൊണ്ട്  ശ്രദ്ധേയനും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമർശകനുമായ പ്രകാശ് രാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ്  "നമ്മെ വിഴുങ്ങുന്ന മൗനം." ഇന്ത്യയിൽ സവർണ്ണ ഫാസിസ്റ്റുകൾ നിറയൊഴിച്ച് ഇല്ലാതാക്കിയ ഗൗരി ലങ്കേഷ്, ഈ വിനാശകരമായ ശക്തിയെ വിമർശിക്കാനും ഇല്ലാതാക്കാനുമുള്ള ഊർജം ഇന്ത്യൻ ജനതയ്ക്ക് പകർന്നു കൊടുത്തപ്പോൾ ഗൗരിയുടെ നാവായി പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക് കടന്നു  വരികയായിരുന്നു. ഹിന്ദുത്വത്തെ വിമര്‍ശിച്ചു എന്ന പേരില്‍ വധഭീഷണി നേരിടുന്ന രാമചന്ദ്ര ഗുഹ, ശരണ്‍കുമാര്‍ ലിംബാളെ, ഗിരീഷ് കര്‍ണാട്, തുടങ്ങിയനേകം പേർക്കൊപ്പം ഭയമേതുമില്ലാതെ ഉറക്കെ സംസാരിക്കുകയെന്നതാണ് പ്രകാശ് രാജ് തിരഞ്ഞെടുത്ത ദൗത്യം. ചടുലവുമായ ചോദ്യശരങ്ങളിലൂടെയും ( #justasking ) ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെയും രാജ്യത്തെ ജനങ്ങളിൽ വിശ...

കലയുടെ തുറന്ന ജാലകം

പ്രശസ്ത റുമാനിയൻ എഴുത്തുകാരി അനാ ബ്ലാൻദിയാനയുടെ വളരെ പ്രശസ്തമായ കുഞ്ഞു കഥയാണ് തുറന്ന ജാലകം (The Open window). ഒരു ചിത്രകാരൻ അറസ്റ്റ് ചെയ്യപ്പെടുന്നു. ചിത്രകാരൻ താൻ അടയ്ക്കപ്പെട്ട ഇരുണ്ട ജയിൽ മുറിയുടെ ചുമരിൽ ഒരു ജാലകത്തിന്റെ ചിത്രം വരയ്ക്കുന്നു. ചിത്രം പൂർത്തിയാകുമ്പോൾ ഇരുണ്ട തടവറയിൽ പ്രകാശം നിറയുന്നു. അടുത്ത ദിവസം രാവിലെ ഭക്ഷണവും വെള്ളവുമായ് എത്തിയ ജയിലറുടെ കണ്ണ് ചിത്രത്തിലെ തീക്ഷ്ണമായ വെളിച്ചത്താൽ അസ്വസ്തമാകുന്നു. ഈ മുറിയിലെ കനത്ത ഇരുട്ടകറ്റാൻ ഞാനൊരു ജാലകം തുറന്നെന്ന ചിത്രകാരന്റെ വാക്കുകളെ  ഇത് വെറുമൊരു ചിത്രം മാത്രമെന്ന് ജയിലറുടെ നാവ് പരിഹസിക്കുന്നു. തടവറയിൽ എത്തിയ ഒരാളുപോലും ഇന്നേവരെ പുറം വെളിച്ചം  കണ്ടിട്ടില്ല എന്ന ജയിലറുടെ വാക്കുകൾ തടവറയുടെ ഭീകരമുഖം വ്യക്തമാക്കുന്നു. ഒടുവിൽ ഈ "തുറന്ന ജാലകത്തിലൂടെ" നിനക്ക് പുറത്ത് കടക്കാൻ കഴിയുമോ എന്ന് ജയിലർ പുഛത്തോടെ ചോദിക്കുന്നു. അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് താൻ വരച്ച ജാലകത്തിലൂടെ ചിത്രകാരൻ  പുറത്തേക്ക് കടക്കുന്നു. വളരെ ചെറിയ ഈ കഥ ഏകാധിപത്യത്തിനെതിരെ ഏക ആശ്രയം കലയെന്ന സത്യം തുറന്ന് പറയുന്നു. രാജ്യത്ത് പ്രതിസന്ധികൾ വർദ്ധിച്ച് ...

ആവുംങ്ങുംപൊയിൽ ഡയറീസ് -1

  വേ നലവധിക്ക് സ്ക്കൂൾ പൂട്ടിയാൽ പിന്നെ കാത്തിരിപ്പാണ് അങ്കിളിന്റെ വരവും നോക്കി. അവധി തുടങ്ങി ഒരാഴ്ചയ്ക്കകം  വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പുമിട്ട്  കയ്യിൽ എരിവ് ബിസ്ക്കറ്റിന്റെ പൊതിയും പിടിച്ച് അങ്കിൾ എത്തും. ചെരുപ്പും കാലും സദാസമയം വൃത്തിയായിരിക്കണം എന്ന വാശിയിൽ വന്നപാടെ അലക്ക് കല്ലിൽ ബാർ സോപ്പ് തേച്ച് കാൽ ഉരസി, രാവിലെ മുറിക്കിയുടുത്ത മുണ്ട് സ്വൽപം അയവു വരുത്തി വീണ്ടും മുറുക്കി, മുണ്ടിന്റെ മടക്കിൽ കരുതിയ കുഞ്ഞ് ചീർപ്പെടുത്ത് മുടിയും മുടിയിലേറേ വളർന്ന താടിയും ചീകി തിണ്ണയിലേക്ക് കയറുമ്പോഴേക്കും ഞങ്ങൾ രണ്ട് മാസത്തേക്ക് വേണ്ട തുണികൾ ഗീതസിന്റയും കല്യാണിയുടെയും കവറുകളിൽ നിറയ്ക്കുന്ന തിരക്കിൽ ആയിരിയ്ക്കും. "കുരുത്തക്കേടോന്നും കാണിക്കല്ലേ! താക്കീതിന് മുൻപിൽ വിനീതരായ് അഭിനയിച്ച് ഞങ്ങൾ പുറപ്പെടും. ബസിന്റെ സൈഡ് സീറ്റിലിരുന്ന് സൈഡ് വിന്റോയുടെ കമ്പികൾ തന്ത്രപൂർവ്വം അറത്തു മാറ്റി സ്വപ്നങ്ങളിലേക്ക് എടുത്തു ചാടുന്ന കാലത്തിലേക്ക് ഏറെ സഞ്ചരിക്കാൻ ഉണ്ടെന്ന ബോധ്യം ഉണ്ടായിരുന്നത് കൊണ്ടു തന്നെ ചുരത്തിലൂടെയുള്ള യാത്ര മടുപ്പിക്കുന്നതായിരുന്നു.       ചുരം ഇറങ്ങി പകുതിയാകു...